രഹസ്യനിക്ഷേപം നടത്തിയവര്‍ക്ക് അദാനി കുടുംബവുമായി അടുത്ത ബന്ധം; കൂടുതല്‍ തെളിവുകള്‍ പുറത്ത്


അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്‍റെ രഹസ്യനിക്ഷേപം നടത്തിയവര്‍ക്ക് ഗൗതം അദാനിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ജേണലിസ്റ്റ്‌ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അദാനിയുടെ കമ്പനിയിലെ ഉദ്യോഗസ്ഥരുമായി രണ്ടു വിദേശികളും നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം തെളിയിക്കുന്നത്. ഇതു സംബന്ധിച്ച രേഖകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് സെബി അന്വേഷണ സംഘം പറഞ്ഞു. രണ്ട് വിദേശപൗരന്മാരാണ് അദാനി കമ്പനികളിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇടപെട്ടത് എന്നത് നേരത്തെ പുറത്തുവന്നിരുന്നു. നാസിര്‍ അലി ഷബാന്‍, ചാംഗ് ചുംഗ് ലിംഗ് എന്നിവരാണിതിന്നാണ് റിപ്പോര്‍ട്ട്. ചാംഗ് ചുംഗ് ലിംഗ് സ്ഥാപിച്ച കമ്പനിയില്‍ ഡയറക്ടറായിരുന്നത് ഒരു ഗുജറാത്ത് സ്വദേശിയാണ്. ഇയാള്‍ക്ക് പിന്നീട് അദാനിയുടെ കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസിര്‍ അലി ഷബാന്‍ അദാനി കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന് പവര്‍ ഓഫ് അറ്റോണി നല്കിയിട്ടുണ്ട് എന്നതിന് തെളിവും ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ജേണലിസ്റ്റ്‌സിനു കിട്ടിയിട്ടുണ്ട്. ഈ ഇടപാടുകളില്‍ അദാനി കമ്പനിക്ക് അറിവുണ്ടെന്ന് തെളിഞ്ഞാല്‍ രണ്ട് തരത്തിലുള്ള നിയമ ലംഘനമുണ്ടാകും. 75 ശതമാനം കമ്പനിയുടെ പ്രമോട്ടര്‍മാര്‍ കൈയ്യില്‍ വെക്കുകയും 25 ശതമാനം ഓഹരിപങ്കാളിത്തം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഈ 25 ശതമാനം ഓഹരികളിലേക്കും അദാനിയുടെ നിഴല്‍ കമ്പനികളുടെ കടന്നുകയറ്റം ഉണ്ടാവുകയും പ്രമോട്ടര്‍മാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉണ്ടാവുകയും ചെയ്തിരിക്കുന്നു എന്നാതാകും ഒന്നാമത്തെ ലംഘനം. 

രണ്ടാമത്തേത്, ഇത്തരം നിഴല്‍ കമ്പനികള്‍ വഴി ഓഹരി വാങ്ങി ഓഹരിയുടെ വിപണി വില ഉയര്‍ത്തുകയും അതിന്‍റെ പ്രയോജനം പ്രമോട്ടര്‍മാരായ അദാനി ഗ്രൂപ്പിന് ലഭിക്കുകയും ചെയ്യുന്നു എന്നതാണ്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒസിസിആര്‍പി) ആണ് അദാനി സ്വന്തം കമ്പനികളില്‍ തന്നെ രഹസ്യമായി നിക്ഷേപം നടത്തിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവിട്ടത്. നിഴല്‍ കമ്പനികള്‍ വഴി അദാനി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നുമാണ് റിപ്പോര്‍ട്ടിലെ ആരോപണം. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേര്‍ വഴി വിദേശത്തെ നിഴല്‍ കമ്പനികളിലൂടെ അദാനി ഗ്രൂപ്പ് കമ്പനികളില്‍ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നതാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 2013−2018 കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. അദാനി കമ്പനികളുടെ പണം വ്യാജബില്ലുകള്‍ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴല്‍ കമ്പനികള്‍ക്ക് നല്‍കും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരില്‍ സ്വന്തം ഓഹരികള്‍ തന്നെ അദാനി വാങ്ങും. ഇതുവഴി ഓഹരി വില കൃത്രിമമായി ഉയര്‍ത്തി അദാനി പണം തട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 

അദാനി ഗ്രൂപ്പിന്‍റെ ഓഹരി വിപണിയിലെ ഇടപെടലുകളെക്കുറിച്ച ഡിആര്‍ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഇത് അറിയാമായിരുന്നെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ എന്തുകൊണ്ട് ഗൗതം അദാനിക്കെതിരേ അന്വേഷണമില്ലെന്ന് ചോദിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. അദാനിക്കെതിരായ തെളിവുകളില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

article-image

dxgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed