ആവേശം വാനോളം ; ചന്ദ്രയാന്‍റെ സോഫ്റ്റ് ലാന്‍ഡിംഗ് ഇന്ന്


ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പേടകം ചന്ദ്രയാന്‍-3ന്‍റെ ലാന്‍ഡര്‍ ബുധനാഴ്ച ചന്ദ്രന്‍റെ ഉപരിതലത്തിലിറങ്ങും. വൈകുന്നേരം 6.04ന് ആണ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. 5.45 മുതല്‍ 6.04 വരെയുള്ള 19 മിനിറ്റുകളില്‍ ചന്ദ്രയാന്‍-3 ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് നടത്തുക. ചാന്ദ്ര പര്യവേഷണ ദൗത്യത്തിലെ ഏറ്റവും നിര്‍ണായകഘട്ടമാണ് സോഫ്റ്റ് ലാന്‍ഡിംഗ്. വേഗത സെക്കന്‍ഡില്‍ ഒന്നോ രണ്ടോ മീറ്റര്‍ എന്ന തോതിലാകുമ്പോഴാണ് സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമാകുക. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തിലാണ് സാധാരണ പേടകം സഞ്ചരിക്കുക. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍-3 ഇറങ്ങുക. ലാന്‍ഡര്‍ പേടകം സ്വയം കൈകാര്യം ചെയ്യേണ്ട പ്രക്രിയയാണ് സോഫ്റ്റ് ലാന്‍ഡിംഗിലെ ഓരോ ഘട്ടവും. പേടകം തിരശ്ചീനമായി സഞ്ചരിക്കുമ്പോള്‍ 25 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് സോഫ്റ്റ്‌ലാന്‍ഡിംഗ് തുടങ്ങുക. ലാന്‍ഡറിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇതിനുള്ള ഊര്‍ജം കണ്ടെത്തുക. ലാന്‍ഡിംഗ് സൈറ്റിന് 150 മീറ്റര്‍ മുകളില്‍ വെച്ചെടുക്കുന്ന ഫോട്ടോകള്‍ ലാന്‍ഡര്‍ പേടകത്തിലെ സെന്‍സറുകള്‍ പരിശോധിക്കുകയും ലാന്‍ഡിംഗിന് യോഗ്യമെങ്കില്‍ സിഗ്‌നല്‍ നല്‍കുകയും ചെയ്യും. ഇതോടെ പേടകം സഞ്ചരിച്ച് ചന്ദ്രോപരിതലത്തിന് 10 മീറ്റര്‍ ഉയരത്തില്‍ വരെ എത്തും. ഇവിടെ നിന്ന് അടുത്ത ഒന്‍പതാമത്തെ സെക്കന്‍ഡില്‍ ലാന്‍ഡര്‍ ചന്ദ്രന്‍റെ ഉപരിതലത്തിലിറങ്ങും. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യവുമാകും. സോഫ്റ്റ് ലാന്‍ഡിംഗിനുള്ള എല്ലാ തയാറെടുപ്പുകളും എടുത്തതായി ഐഎസ്ആര്‍ഒ അറിയിച്ചു.

നാലുമണിക്കൂറോളം സമയമെടുത്താണ് ലാന്‍ഡറിനകത്തു നിന്ന് പര്യവേക്ഷണ വാഹനമായ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങുക. 500 മീറ്റര്‍ സഞ്ചരിക്കുന്ന റോവര്‍ ഒരു ചാന്ദ്ര പകല്‍ കൊണ്ട് ദക്ഷിണധ്രുവത്തിലെ ചാന്ദ്ര രഹസ്യങ്ങൾ ലോകത്തിന് വെളിപ്പെടുത്തും. ചന്ദ്രനില്‍ തണുത്തുറഞ്ഞ ജല സാന്നിധ്യം ഏറെയുണ്ടെന്ന് കരുതുന്ന ദക്ഷിണ ധ്രുവത്തിലെ പര്യവേക്ഷണം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും എന്ന് ശാസ്ത്രലോകം കരുതുന്നു. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം സാധ്യമാകുന്നത്. ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത് ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ്. ഇന്ത്യന്‍ സംവിധാനങ്ങള്‍ക്ക് പിന്തുണയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും നാസയുമുണ്ട്. നിലവില്‍ ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്ന് 25 കിലോമീറ്റര്‍ കുറഞ്ഞ ദൂരത്തിലും 134 കിലോമീറ്റര്‍ അകലമുള്ള ദൂരത്തിലും പരിക്രമണം തുടരുകയാണ് ലാന്‍ഡര്‍ പേടകം. ചന്ദ്രോപരിതലത്തില്‍ പേടകം ഇറങ്ങുന്ന സോഫ്റ്റ് ലാന്‍ഡിംഗില്‍ പിഴവ് പറ്റുകയാണെങ്കില്‍ 27 ന് വീണ്ടും ശ്രമം നടത്തുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 14ന് ഉച്ചക്ക് 2.35ന് ആണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നും ചന്ദ്രയാന്‍-3 യുമായി വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റ് കുതിച്ചുയര്‍ന്നത്.

article-image

asdadsadsads

You might also like

Most Viewed