സി.പി.എം പഠന കേന്ദ്രമായ സുർജിത് ഭവനിൽ പൊലീസ് നടപടി; ഗേറ്റുകൾ പൂട്ടി


ഡൽഹിയിലെ സി.പി.എം പഠന കേന്ദ്രമായ സുർജിത് ഭവനിൽ പൊലീസ് നടപടി. വി ട്വൻറി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. ഗേറ്റുകൾ പൊലീസ് പൂട്ടി. പുറമെ നിന്നുള്ള അകത്തേക്ക് കടത്തിവിടുന്നില്ല. ഇന്നലെ ആരംഭിച്ച സെമിനാൽ ഇന്നും തുടരാനിരിക്കെയാണ് പൊലീസ് വിലക്ക് വന്നത്. ഈ പരിപാടിക്ക് അനുമതിയില്ലെന്നാണ് പൊലീസ് പറയുന്നു. എന്നാൽ, പാർട്ടി ഓഫീസിനകത്ത് നടക്കുന്ന പരിപാടിയായതിനാൽ അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. ഇന്നലെ വൃന്ദകാരാട്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ദില്ലിയിലെ സുർജിത് ഭവനിൽ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സുർജിത് ഭവനിൽ വീ 20 എന്ന പേരിൽ ഒരു സെമിനാർ നടക്കുകയായിരുന്നു. സമാധാനപരമായി രണ്ടു ദിവസമായി നടന്നുവരുന്ന ഈ സെമിനാറിന് പൊലീസ് അനുമതി ഇല്ല എന്ന് ആരോപിച്ചാണ് സുർജിത് ഭവൻറെ ഗേറ്റ് അടച്ചുപൂട്ടി യോഗത്തിനെത്തിയവരെ പൊലീസ് തടഞ്ഞത്. ഒരു ഹാളിനുള്ളിൽ നടക്കുന്ന യോഗത്തിന് പൊലീസ് അനുമതി വാങ്ങണം എന്ന് ചട്ടമില്ല. പൊതുസ്ഥലത്ത് നടക്കുന്ന ഉച്ചഭാഷിണി ഉപയോഗിച്ചുള്ള യോഗങ്ങൾക്കാണ് പൊലീസ് അനുമതി വാങ്ങേണ്ടത്. വിമർശനങ്ങളെ ഭയപ്പെടുന്ന നരേന്ദ്ര മോദി സർക്കാർ എന്തെങ്കിലും ന്യായം കണ്ടെത്തി എതിരഭിപ്രായങ്ങളെ തടയാൻ ശ്രമിക്കുന്നതാണിത്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷ- ജനാധിപത്യ- മതേതര-സ്വതന്ത്ര ചിന്താഗതിക്കാരുടേയും സാംസ്ക്കാരിക പ്രവർത്തകരുടേയും ശബ്ദത്തെ അടിച്ചമർത്താനും ചലനങ്ങളെ ചങ്ങലക്കിടാനുമാണ് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും പൊലീസ് ശ്രമിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല എന്ന കാര്യം ആർഎസ്എസുകാരെ അറിയിക്കുന്നതായും ബേബി ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു. ആശയസംവാദത്തെ തടസ്സപ്പെടുത്തുന്ന ഈ നടപടിക്കെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed