ഗൗതം അദാനിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്


അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. ‘ഇന്ത്യയുടെ വളര്‍ച്ച വിദേശികള്‍ക്ക് ഉള്‍ക്കൊളളാനാകുന്നില്ല. കരുതിക്കൂട്ടിയുളള നീക്കങ്ങളാണ് ഇന്ത്യന്‍ വിപണിക്കെതിരെ നടക്കുന്നത്. നിങ്ങള്‍ എത്ര ശ്രമിച്ചാലും ഇന്ത്യ ഉയര്‍ന്നുവരുക തന്നെ ചെയ്യും’, സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

അദാനി ഗ്രൂപ്പിനെക്കുറിച്ചുളള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സേവാഗിന്റെ പ്രതികരണം. അതേസമയം ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്ക് പിന്നാലെ അയല്‍ രാജ്യങ്ങളില്‍ അദാനി പങ്കാളിയായ വികസന പദ്ധതികളും പ്രതിസന്ധിയിലായിരിക്കുകയാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ അടക്കമുള്ള രാജ്യങ്ങളാണ് ആശങ്കയില്‍ തുടരുന്നത്.

അദാനി പ്രതിസന്ധി കടുക്കുന്നതോടെ ഇന്ത്യയിലെ പദ്ധതികള്‍ മാത്രമല്ല, ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വസിച്ച് അദാനിക്ക് നല്‍കിയ അയല്‍ രാജ്യങ്ങളുടെ അഭിമാന പദ്ധതികളുടെയും ഭാവി തുലാസിലാവുകയാണ്. ബംഗ്ലാദേശിന് വൈദ്യുതി നല്‍കാനുള്ള ഒരു പ്രധാനപ്പെട്ട പദ്ധതി അദാനി തകര്‍ച്ച മൂലം ആറുമാസത്തോളം വൈകും എന്നാണ് റിപ്പോര്‍ട്ട്.

കൊളംബോ തുറമുഖത്തിന്റെ ഭാഗമായുള്ള വെസ്റ്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ഗള്‍ഫ് ഓഫ് മാന്നാറില്‍ 500 മെഗാവാട്ട് കാറ്റാടിപ്പാടം എന്നീ പദ്ധതികള്‍ ശ്രീലങ്കയില്‍ നിര്‍മാണത്തിലിരിക്കുന്നവയാണ്. നേപ്പാളിലെ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ വലിക്കുന്നതും അദാനി തന്നെ. ഈ പദ്ധതിയിലൂടെ ഭാവിയില്‍ ഭൂട്ടാനെയും ഇന്ത്യയെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും കൂട്ടിയിണക്കി സൗത്ത് ഏഷ്യന്‍ റിന്യൂവബിള്‍ എനര്‍ജി ഗ്രിഡ് നിര്‍മിക്കുന്നതും സ്വപ്നത്തിലുള്ളതാണ്.

അയല്‍ രാജ്യങ്ങളിലെ പദ്ധതികളില്‍ ഭൂരിഭാഗവും നരേന്ദ്രമോദിയുമായുള്ള സൗഹൃദം ഉപയോഗിച്ച് അദാനി നേടിയെടുത്തതാണെന്ന് അവിടെ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നുണ്ട്. അദാനിയുടെ വില തകര്‍ച്ച കടുക്കുന്നതോടെ അവതാളത്തില്‍ ആകുന്ന പദ്ധതികള്‍ ഇന്ത്യന്‍ നയതന്ത്രത്തെയും പ്രതിസന്ധിയില്‍ ആക്കുമോ എന്ന ആശങ്ക വിദേശകാര്യമന്ത്രാലയത്തിനുണ്ട്.

article-image

DFGDFGDFGD

You might also like

  • Lulu Exchange
  • Straight Forward

Most Viewed