കോൺഗ്രസിന് തിരിച്ചടി; ആനന്ദ് ശർമ ഹിമാചൽ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. നിയമസഭാ തെരഞ്ഞടുപ്പിനായി രൂപീകരിച്ച സമിതിയില്‍ നിന്നാണ് രാജിവെച്ചത്.എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. രണ്ടാമത്തെ ജി 23 നേതാവാണ് സ്ഥാനം രാജിവെക്കുന്നത്. നേരത്തേ കശ്മീര്‍ പ്രചരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദ് ഒഴിഞ്ഞിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന ആനന്ദ് ശര്‍മയെ ഏപ്രില്‍ 26 നാണ് ഹിമാചല്‍ പ്രദേശിലെ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്.
പാര്‍ട്ടിയുടെ യോഗങ്ങളില്‍ തന്നെ ക്ഷണിച്ചിരുന്നില്ല. ഇത് തന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചതായി സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആനന്ദ് ശര്‍മ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്്. ഈ വര്‍ഷം അവസാനം നടക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന ഭരണം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്ന കോണ്‍ഗ്രസ് ക്യാമ്പിനെ ഞെട്ടിക്കുന്നതാണ് ആനന്ദ് ശര്‍മയുടെ ഈ തീരുമാനം.