അഴിമതിയാരോപണമുന്നയിച്ച കോൺട്രാക്ടർ ജീവനൊടുക്കി; രാജി പ്രഖ്യാപിച്ച് കർണാടക മന്ത്രി


കർ‍ണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ ഇന്ന് രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽ‍കും. ആരോപണങ്ങൾ‍ അടിസ്ഥാനരഹിതമാണെന്നും ധാർ‍മികത കണക്കിലെടുത്താണ് രാജിയെന്നും ഈശ്വരപ്പ പ്രതികരിച്ചു. ഈശ്വരപ്പയ്ക്കെതിരെ അഴിമതിയാരോപണമുന്നയിച്ച ബിജെപി പ്രവർത്തകനായ കോൺട്രാക്ടർ ജീവനൊടുക്കിയതു രാഷ്‌ട്രീയ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ഈശ്വരപ്പയുടെ രാജി. ഈശ്വരപ്പയ്ക്കെതിരേ ആത്മഹത്യപ്രേരണാക്കുറ്റത്തിനു പോലീസ് കേസെടുത്തതിനു പിന്നാലെ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

മന്ത്രിക്കെതിരേ അഴിമതിയാരോപണമുന്നയിച്ച സന്തോഷ് പാട്ടീൽ(37) എന്ന കോൺട്രാക്ടറിന്‍റെ മൃതദേഹം കഴിഞ്ഞദിവസമാണ് ഉഡുപ്പിയിൽ കണ്ടെത്തിയത്. നാല് കോടി രൂപയോളം മുടക്കി ബെളഗാവിയിൽ കഴിഞ്ഞവർഷം പൂർത്തിയാക്കിയ റോഡിന്‍റെ ബില്ലുകൾ നൽകിയെങ്കിലും പണം അനുവദിക്കുന്നതിനു മന്ത്രിയും കൂട്ടാളികളും 40 ശതമാനം കമ്മീഷന്‌ ആവശ്യപ്പെട്ടുവെന്ന് സന്തോഷ് പാട്ടിൽ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്തു. പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന ബിജെപി നേതൃത്വം തയാറായില്ലെന്നും പാട്ടീൽ പറഞ്ഞു. സംഭവത്തിൽ മന്ത്രിക്കും സഹായിക്കുമെതിരേ ഉഡുപ്പി പോലീസ് കേസെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed