ഹിജാബ് അനുവദിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് വിദ്യാർത്ഥിനി


കർണാടക സർക്കാരിനോട് ഹിജാബ് വിലക്ക് നീക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിച്ച് ഹിജാബ് പ്രതിഷേധത്തിൽ മുന്നിൽ നിന്ന വിദ്യാർത്ഥിനി. സംസ്ഥാന തല കരാട്ടെ ചാമ്പ്യനായ ആലിയ ആസാദിയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രീ യൂണിവേഴ്സിറ്റി പരീക്ഷ അടുത്തിരിക്കുകയാണെന്നും ഹിജാബ് വിലക്ക് ഒരുപാട് പെൺകുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് ആലിയ മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

'ഞങ്ങളുടെ ഭാവി തകർക്കാതിരിക്കാൻ നിങ്ങൾക്കിനിയും അവസരമുണ്ട്. ഞങ്ങളെ ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷ എഴുതാൻ നിങ്ങൾ അനുവദിക്കണം. ഈ രാജ്യത്തിന്റെ ഭാവിയാണ് ഞങ്ങൾ,' ആലിയ ട്വീറ്റ് ചെയ്തു. ക്ലാസ് മുറിയിലെ ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ പെൺകുട്ടികളിലൊരാളാണ് 17 കാരിയായ ആലിയ. വിലക്ക് ഹൈക്കോടതി ശരിവെച്ചതോടെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണിവർ. അതേസമയം ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

നേരത്തെ ഹിജാബ് ധരിക്കാതെ ക്ലാസിൽ വരില്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയിരുന്നു. ഈ മാസം 22 ഓടെ രണ്ടാംഘട്ട പരീക്ഷ തുടങ്ങുകയാണ്. എഴുത്ത് പരീക്ഷയും എഴുതാതിരുന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയില്‍ തോല്‍ക്കും.യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ചത്.

ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. 11 ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed