മോദി പുടിനുമായി ചർച്ച നടത്തി; യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകി റഷ്യ

റഷ്യ−യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. റഷ്യയും നാറ്റോയുമായി നിലനിൽക്കുന്ന തർക്കം എത്രയും വേഗം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.
യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് പുടിൻ നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. സത്യസന്ധവും ആത്മാർത്ഥവുമായ ഇടപെടലിലൂടെ വേണം പ്രശ്‌നം പരിഹരിക്കാനെന്നും മോദി ആവശ്യപ്പെട്ടു.
ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിർത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി ഉക്രൈന്റെ അതിർത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്‌ക്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയച്ചത്. അതിനിടെ യുക്രൈനിലെ ചെർണോബിലിലും റഷ്യൻ സേനയെത്തി. അവിടത്തെ ആണവ അവശിഷ്ട സമ്പരണ കേന്ദ്രം റഷ്യൻ സേന തകർത്തതായാണ് സൂചന.
റഷ്യയെ തൊട്ടാൽ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പുടിൻ.
റഷ്യൻ അധിനിവേശം ചർച്ച ചെയ്യാൻ പ്രത്യേക യുഎൻ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎൻ തടയണമെന്നും യുക്രൈൻ ആവശ്യപ്പെടുന്നു. ഇന്നലെ പുലർച്ചെയാണ് യുക്രൈനിൽ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടത്. യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിൻ സൈനിക നടപടി പ്രഖ്യാപിച്ചത്.