യുക്രെയ്ൻ പ്രതിസന്ധി: ഇന്ത്യയുമായി കൂടിയാലോചന നടത്തുമെന്ന് അമേരിക്കൻ പ്രസിഡണ്ട്

റഷ്യൻ ആക്രമണത്തെത്തുടർന്നു യുക്രെയിനിൽ നിലനിൽക്കുന്ന പ്രതിസന്ധി സംബന്ധിച്ച് ഇന്ത്യയുമായി കൂടിയാലോചന നടത്തുമെന്ന സുപ്രധാന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. റഷ്യൻ കടന്നുകയറ്റത്തെയും അധിനിവേശത്തെയും നിസാരമായി തള്ളാനില്ലെന്നും ഇന്ത്യയുമായി യുക്രെയിൻ പ്രതിസന്ധി സംബന്ധിച്ചു ചർച്ച നടത്താൻ ഒരുങ്ങുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. റഷ്യയുടെ ആക്രമണത്തിൽ ഇന്ത്യ പൂർണമായും അമേരിക്കയ്‌ക്കൊപ്പം നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. യുക്രേനിയൻ പ്രതിസന്ധിയിൽ ഇന്ത്യയും യുഎസും ഒരേ നിലപാടിലല്ല നീങ്ങുന്നത്. റഷ്യയ്ക്കെതിരേ കടുത്ത നിലപാടുമായി അമേരിക്ക മുന്നിട്ടിറങ്ങുന്പോൾ ഇതുവരെ ഇന്ത്യ നിഷ്പക്ഷ നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്.
റഷ്യയുമായി ഇന്ത്യയ്ക്കു ചരിത്രപരവും തന്ത്രപരമാവുമായ സൗഹൃദമുണ്ട്. അതേസമയം, യുഎസുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം കഴിഞ്ഞ ഒന്നര ദശകത്തിൽ അഭൂതപൂർവമായ വേഗത്തിൽ വളർന്നിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ഒരു നിലപാട് പ്രഖ്യാപിക്കാൻ ഏറ്റവും കൂടുതൽ വിഷമിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതു മനസിലാക്കിക്കൊണ്ടു തന്നെയാണ് ഇന്ത്യയുമായി ഈ വിഷയം സംസാരിക്കുമെന്ന് യുഎസ് പ്രതികരിച്ചിരിക്കുന്നത്. റഷ്യയ്ക്കെതിരേ ലോകമെന്പാടുമുള്ള രാജ്യങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കിയിരിക്കുന്നത്.