ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു

മുംബൈ: വൃക്കയിലെ അണുബാധയെ തുടർന്ന് മുതിർന്ന നടൻ അനുപം ശ്യാം(63)അന്തരിച്ചു. അസുഖത്തെ തുടന്ന് നാലു ദിവസം മുന്പ് ഗോറെഗാവിലെ ലൈഫ്‌ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒന്നിലധികം അവയവങ്ങളുടെ തകരാറിനെ തുടർന്ന് തിങ്കളാഴ്ചയാണ് മരിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് നടൻ യശ്പാൽ ശർമ്മയാണ് വിവരമറിയിച്ചത്.
ടിവി ഷോയായ ‘മൻ കീ ആവാസ്:പ്രതിഗ്യാ’, പ്രശസ്ത സിനിമകളായ ‘സ്ലംഡോഗ് മില്യണയർ’,’ബണ്ടിറ്റ് ക്വീൻ”എന്നിവയിലെ അഭിനയത്തിന് പ്രശസ്തനായി.
മൃതദേഹം ന്യൂ ദിൻദോഷിയിലെ എംഎച്ച്എഡിഎ കോളനിയിലെ സ്വവസതിയിൽ രാവിലെ കൊണ്ടുവരും. സംസ്‌കാരം പിന്നീട് നടക്കും.
മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ അഭിനയജീവിതത്തിൽ,’സത്യ’,’ദിൽ സേ’,’ലഗാൻ’, ‘ഹസാറോൺ ഖ്വായിഷീൻ ഐസി’ എന്നീ പ്രശസ്ത സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.
2009ൽ ‘സ്റ്റാർ പ്ലസിൽ’ സംപ്രേഷണം ചെയ്തിരുന്ന ‘മൻ കീ ആവാസ്:പ്രതിഗ്യാ’ എന്ന ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ഈയിടെ പുനരാരംഭിച്ചിരിന്നു. സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് നടന്റെ കുടുംബം ചികിത്സയ്‌ക്കായി ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളിൽ നിന്നും സഹായം അഭ്യർത്ഥിച്ചിരുന്നു.