ഫോൺ ചോർത്തൽ; ആരോപണം തള്ളി കേന്ദ്രം


ന്യൂഡൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്ഞാബദ്ധമാണ്. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടി നേരത്തെ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര സർക്കാരും പെഗാസസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ അതുതന്നെ പര്യാപ്തമാണ്.

സർക്കാർ ഏജൻസികൾ യാതൊരു തരത്തിലുള്ള ഫോൺ ചോർത്തലും നടത്തിയിട്ടില്ല. പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച ആരോപണങ്ങൾ വാട്സ്ആപ്പ് അടക്കമുള്ളവ സുപ്രിം കോടതിയിലടക്കം നിഷേധിച്ചിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു.

You might also like

Most Viewed