കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി; പുതിയ മന്ത്രിമാർ ഇന്നു വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പുതിയ 43 മന്ത്രിമാർ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്‍ രാജിവെച്ചു. രത്തന്‍ ലാല്‍ ഖഠേരിയ, സദാനന്ദ ഗൗഡ, രമേശ് പൊഖ്രിയാല്‍, സന്തോഷ് ഗാങ്ങ്വാർ, ദേവശ്രീ ചൗധരി എന്നിവരും രാജിവെച്ചു. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന. ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. ആരോഗ്യപരമായ കാണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്രിയാലും സന്തോഷ് ഗാങ്ങ്വാറും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇനിയും ചില മന്ത്രിമാര്‍ കൂടി രാജിവെക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടും വമ്പന്‍മാറ്റങ്ങള്‍ വരുത്തിയുമാണ് പുനഃസംഘടന. ജ്യോതിരാദിത്യ സിന്ധ്യ,സർബാനന്ദ സോനാവാൾ, മീനാക്ഷി ലേഖി, എന്നിവർ കേന്ദ്രമന്ത്രിമാരാകും. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. സിന്ധ്യയ്ക്ക് വാണിജ്യം, ടെലികോം വകുപ്പുകൾ നൽകാനാണ് സാധ്യത. അനുരാഗ് ഠാക്കൂർ, ജി കിഷൻ റെഡി എന്നിവർക്ക് ക്യാബിനറ്റ് പദവി ലഭിക്കാനും സാധ്യത നിലനില്‍ക്കുന്നു.