മമത ബാനർജിക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി. പിഴ ശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസിൽ നിന്ന് പിന്മാറുകയും ചെയ്തു. ഭിന്ന താത്പര്യമുള്ളതിനാൽ കേസ് കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.
കേസിൽ നിന്ന് പിന്മാറുന്നതിന് മുന്പ് മുഖ്യമന്ത്രി മമത ബാനർജിയെ ജസ്റ്റിസ് കൗശിക് ചന്ദ രൂക്ഷമായി വിമർശിച്ചു. ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്നതിനായി മമത മുൻകൂട്ടി നീക്കം നടത്തിയെന്നാരോപിച്ച ജഡ്ജി ഭരണഘടനാപരമായ ഉത്തരവാദിത്തം അവർ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാം നിയമസഭാമണ്ഡലത്തിൽ നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായ സുവേന്ദു അധികാരി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് മമത ഹൈക്കോടതയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ജസ്റ്റിജ് കൗശിക് ചന്ദയ്ക്ക് ബി.ജെ.പിയുമായി. ബന്ധമുണ്ടെന്ന് ആരോപിച്ച മമത കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച് ജൂണ് 16ന് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മമത കത്ത് അയക്കുകയും ചെയ്തിരുന്നു. ജഡ്ജിക്ക് ബിജെപി ബന്ധമുളളതിനാൽ പ്രതിക്ക് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊളളാൻ സാധ്യതയുണ്ടെന്നായിരുന്നു കത്തിന്റെ ഉളളടക്കം.
കൊൽക്കത്ത ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായുളള ചന്ദയുടെ നിയമനത്തെ താൻ ഏപ്രിലിൽ എതിർത്തിരുന്നുവെന്നും അതിനാൽ പക്ഷപാതത്തിനുളള സാധ്യതകൾ ഉണ്ടെന്നും മമത പറഞ്ഞിരുന്നു.