കോവിഡ് മരണം: കുടുംബത്തിന് ധനസഹായവും പെൻഷനും പ്രഖ്യാപിച്ച് കേജരിവാൾ


ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവും പെൻഷനും പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. മുഖ്യമന്ത്രി കോവിഡ് 19 പരിവാർ ആർതിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴി കോവിഡ് മൂലം അനാഥമാക്കപ്പെട്ട കുടുംബങ്ങൾക്ക് 50,000 രൂപ ധനസഹായം നൽകും. കൂടാതെ 2500 രൂപ പ്രതിമാസം പെൻഷനും നൽകും.

ചെവ്വാഴ്ച ഓൺലൈനിലൂടെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഡൽഹിയിലെ മിക്കവാറും എല്ലാ കുടുംബങ്ങളെയും കോവിഡ് ബാധിച്ചുവെന്നും കുട്ടികളടക്കം നിരവധി പേർ അനാഥരായെന്നും പല കുടുംബങ്ങൾക്കും വരുമാന മാർഗമായിരുന്ന അത്താണി തന്നെ നഷ്ടപ്പെട്ടുവെന്നും ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനാണ് പദ്ധതിയെന്നും അരവിന്ദ് കേജരിവാൾ വ്യക്തമാക്കി.

മാതാപിതാക്കൾ കോവിഡിന് ഇരയായി അനാഥമാക്കപ്പെട്ട കുട്ടികൾക്ക് എല്ലാ മാസവും 2500 രൂപവീതം നൽകും. 25 വയസ് പ്രായമാകുന്നതുവരെ ഇത് തുടരും.

സമൂഹ്യ നീതി വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. അപേക്ഷ സമർപ്പിക്കാനായി ബുധനാഴ്ച വെബ്സൈറ്റ് പ്രവർത്തനം ആരംഭിക്കും. കുടുംബങ്ങൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. അല്ലാത്ത പക്ഷം സർക്കാർ പ്രതിനിധികൾ നേരിട്ട് വീടുകളെത്തി അപേക്ഷ നൽകാൻ സഹായിക്കും.

ആധാറും മൊബൈൽ നന്പറും ഉപയോഗിച്ചുവേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സമർപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ പ്രതിനിധി വീട്ടിലെത്തി രേഖകൾ പരിശോധിക്കുമെന്നും കേജരിവാൾ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed