മുംബൈയിൽ 21 കോടിയുടെ യുറേനിയം പിടിച്ചെടുത്തു: രണ്ട് പേർ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ ഏഴ് കിലോയിലേറെ യുറേനിയം പിടിച്ചെടുത്തു. ഏകദേശം 21.3 കോടി രൂപ വിലവരുന്ന യുറേനിയമാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പിടിച്ചെടുത്തത്. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി മെയ് 12 വരെ റിമാൻഡ് ചെയ്തു. താനെ സ്വദേശിയായ ജിഗർ പാണ്ഡ്യ, മൻകുർദ് സ്വദേശി അബു താഹിർ അഫസൽ എന്നിവരാണ് അറസ്റ്റിലായത്. യുറേനിയം വിൽക്കാനുള്ള ശ്രമത്തിനിടെ ജിഗർ പാണ്ഡ്യയെയാണ് ആദ്യം ഭീകരവിരുദ്ധ സേന പിടികൂടിയത്.
ജിഗറിനെ ചോദ്യം ചെയ്യുന്നതിനിടെ അബു താഹിറാണ് യുറേനിയം വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തി. തുടർന്ന് കുർളയ്ക്ക് സമീപത്ത് നിന്നാണ് അബു താഹിറിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 7.1 കിലോ യുറേനിയവും പിടിച്ചെടുത്തു.
പിടിച്ചെടുത്ത യുറേനിയം പരിശോധനയ്ക്കായി ബാബാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയച്ചെന്നും പ്രകൃതിദത്തമായ യുറേനിയമാണെന്ന് കണ്ടെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഉയർന്ന റേഡിയോ ആക്ടീവുള്ള ഈ പദാർഥം മനുഷ്യജീവന് ഏറെ അപകടകരമാണെന്നും റിപ്പോർട്ടിലുണ്ട്.