പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര മന്ത്രി എം.ജെ. അക്ബര്‍ നല്‍കിയ കേസ് കോടതി തള്ളി
ന്യൂഡൽഹി: ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര മന്ത്രി എം.ജെ. അക്ബര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസ് കോടതി തള്ളി. കേസില്‍ പ്രിയാ രമണിയെ കോടതി കുറ്റവിമുക്തയാക്കി. ദശാബ്ദങ്ങള്‍ കഴിഞ്ഞാലും സ്ത്രീക്ക് പരാതി നല്‍കാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ 2018 ഒക്ടോബറിലാണ് പ്രിയ അടക്കമുള്ള മാധ്യമപ്രവര്‍ത്തകർ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്.
ലൈംഗിക പീഡനത്തിന് ഇരയാകുന്ന ആള്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും ക്ലേശങ്ങളും സമൂഹം മനസ്സിലാക്കണം. സാമൂഹ്യമായി വലിയ നിലയിലുള്ള ആള്‍ക്കും ലൈംഗിക പിഡകനാകാന്‍ കഴിയും. അത്തരം പ്രവൃത്തി ഒരാളുടെ അന്തസ്സും ആത്മാഭിമാനവും ഇല്ലാതാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്.




