ഇന്ത്യയുടെ കോവിഡ് വാക്സിന്‍ വിതരണം പുതുവർഷാരംഭത്തിലെന്ന് എയിംസ് ഡയറക്ടർ


ന്യൂഡൽഹി: രാജ്യത്തെ കൊറോണ വാക്‌സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഡിസംബറിലോ ജനുവരി മാസത്തിലോ ഇന്ത്യയുടെ കൊറോണ വാക്‌സിൻ അധികൃതർ അടിയന്തര ഉപയോഗ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികൃതരുടെ അനുമതി ലഭിച്ച ശേഷം അടുത്ത മൂന്ന് മാസത്തിനുള്ളിൽ വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കും. വാക്‌സിനുകൾ സുരക്ഷിതവും കാര്യക്ഷമവുമാണ്. 70,000ത്തോളം മുതൽ 80,000 വരെ സന്നദ്ധ പ്രവർത്തകർക്ക് നിലവിൽ വാക്‌സിനേഷൻ നൽകി കഴിഞ്ഞു. ഗുരുതര പാർശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്‌സിൻ സുരക്ഷിതമാണെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓക്‌സ്ഫഡ് വാക്‌സിനെതിരെ ചെന്നൈ സ്വദേശി ഉയർത്തിയ ആരോപണം വസ്തുതാപരമല്ല. വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലിതെന്നും വലിയ തോതിൽ വാക്‌സിൻ പരീക്ഷണങ്ങൾ നടത്തുമ്പോൾ അവരിൽ ചിലർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. അത് വാക്‌സിനുമായി ബന്ധപ്പെട്ടതാണെന്ന് പറയാൻ കഴിയില്ലെന്നും രൺദീപ് ഗുലേറിയ കൂട്ടിച്ചേർത്തു.

ബൂസ്റ്റർ ഡോസ് നൽകി കഴിഞ്ഞാൽ ശരീരത്തില് ആന്റിബോഡി വലിയ തോതിൽ ഉത്പാദിപ്പിക്കപ്പെടും. ഇത് ഏതാനും മാസങ്ങൾ നിലനിൽക്കും. തുടക്കത്തിൽ രാജ്യത്ത് എല്ലാവർക്കും നൽകുന്നതിനുള്ള വാക്‌സിൻ ലഭ്യമാകില്ല. അതിനാൽ മുൻഗണനാ പട്ടിക തയ്യാറാക്കി അത് പ്രകാരം രോഗബാധിതർ, ആരോഗ്യ പ്രവർത്തകർ, എന്നിവർക്കായിരിക്കും ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുക.

രാജ്യത്തെ കൊറോണ വ്യാപനത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും ജനങ്ങൾ ശരിയായി പെരുമാറിയാൽ രോഗബാധ കുറഞ്ഞു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed