കശ്മീരിൽ മഞ്ഞുവീഴ്ച തുടങ്ങി; ശ്രീനഗർ- ലേ പാത അടച്ചു


ശ്രീനഗർ: ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച തുടങ്ങി. ശ്രീനഗർ- ലഡാക്ക് പാത മഞ്ഞുവീഴ്ച ശക്തമായതോടെ അടച്ചു. ഇവിടങ്ങളിൽ നല്ല മഴ ലഭിക്കുന്നതായും റിപ്പോർട്ടുണ്ട്. 

ജമ്മു കശ്മീരിൽ ഗുൽമാർഗ്, ബാരാമുള്ള ജില്ല, പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോനമാർഗ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ട്. കൂടാതെ ലഡാക്കിലെ സോജില ചുരുത്തിലും ദ്രാസിലും മഞ്ഞുവീഴ്ച ശക്തമായതായാണ് റിപ്പോർട്ടുകൾ.
വടക്കൻ കശ്മീരിലെ ബന്ദിപൊര ജില്ലയിലെ ഗുരെസിലും മഞ്ഞുവീഴ്ചയുണ്ട്. ലഡാക്കിനെയും ജമ്മു കശ്മീരിനെയും സോജിലാചുരത്തെയും ബന്ധിപ്പിക്കുന്ന റോഡാണ് അടച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് റോഡ് താൽക്കാലികമായി അടച്ചതെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കശ്മീര്‍ താഴ്വരയിൽ വ്യാപകമായി മഴ ലഭിച്ചു. ഇതോടെ കനത്ത ചൂടിന് ശമനമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മഴ കുറയുമെന്നും കാലാവസ്ഥ സാധാരണനിലയിലേക്ക് മടങ്ങിവരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed