മോറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: മോറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചത്. ആറ് മാസത്തെ മൊറട്ടോറിയം പിഴപ്പലിശയാണ് ഒഴിവാക്കുക. ചെറുകിട−ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ഭവനവായ്പകൾ, വാഹന വായ്പ, പ്രൊഫഷണലുകൾക്കുള്ള വായ്പ എന്നിവക്കെല്ലാം ഇളവ് ലഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി സത്യവാങ്മൂലത്തിൽ പറയുന്നു.
നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിച്ചാണ് സർക്കാർ തീരുമാനം മാറ്റിയത്.