ബാബറി മസ്ജിദ് കേസ് വിധി: അപ്പീൽ നൽകുന്നതിൽ നിലപാട് വ്യക്തമാക്കാതെ സിബിഐ

ന്യൂഡൽഹി: ബാബ്റി മസ്ജിദ് കേസിൽ എൽകെ അദ്വാനി ഉൾപ്പടെയുള്ളവരെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നല്കുന്ന കാര്യത്തിൽ മൗനം തുടർന്ന് സിബിഐ. കേസിൽ വിചാരണ കോടതി വിധിക്കെതിരെ സിബിഐ അപ്പീൽ നല്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ആധികാരിക തെളിവുകൾ ഹാജരാക്കാനായില്ലെന്നും അന്വേഷണ ഏജൻസിക്ക് പല പിഴവുകൾ ഉണ്ടായെന്നും പ്രത്യേക കോടതി വിധിയിൽ വ്യക്തമാക്കുന്നു. എന്നാൽ ലക്നൗ പ്രത്യേക കോടതി വിധിയോട് ഇതു വരെ സിബിഐ പ്രതികരിച്ചിട്ടില്ല.
അപ്പീൽ നല്കാൻ രണ്ടു മാസത്തെ സമയം ബാക്കിയുണ്ട്. ഇപ്പോൾ പ്രതികരിക്കാതെ വിഷയം തണുക്കാനുള്ള നീക്കത്തിലാണ് സിബിഎ എന്ന ആരോപണവും ശക്തമായിട്ടുണ്ട്. കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനം ശക്തമാകുന്ന സമയത്താണ് ബാബറി മസ്ജിദ് തകർത്ത കേസിൽ നിലപാടെടുക്കാൻ സിബിഐക്കുമേൽ സമ്മർദ്ദം ഏറുന്നത്. വിധിക്കെതിരെ സിബിഐ എന്തു നിലപാട് സ്വീകരിക്കും എന്നത് നിരീക്ഷിക്കാനാണ് മുസ്ലിം വ്യക്തിനിയമ ബോർഡിൻറെ തീരുമാനം. മേൽക്കോടതിയിൽ പോകേണ്ടതുണ്ടോ എന്നത് ആലോചിച്ച് തീരുമാനിക്കും എന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചു.