സോണിയാഗാന്ധി കൈ വിട്ടാൽ പിന്നെ ആര്... ശശി തരൂർ പ്രസിഡണ്ടാകുമോ ?


ന്യൂ ദൽഹി 

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തനമാരംഭിച്ച, നീണ്ട കാലത്തോളം രാജ്യം ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കാൻ ആരുമില്ലേ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ദില്ലിയിൽ നടക്കുന്ന പ്രവർത്തകസമിതി യോഗം. 23 മുതിർന്ന നേതാക്കൾ പുതിയ അദ്ധ്യക്ഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കോൺഗ്രസ്സിൽ അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടി കാട്ടി തന്നെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കി തരണമെന്ന് സോണിയാഗാന്ധിയും, ഞാൻ ഈ പണിക്കില്ലെന്ന് രാഹുൽ ഗാന്ധിയും, ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ആരെങ്കിലും പ്രസിഡണ്ടാകൂ എന്ന് പ്രിയങ്കാഗാന്ധിയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. 

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനവും, പ്രധാനമന്ത്രി പദവും വഹിക്കാൻ നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് സാധിച്ചത് 1991ൽ നരസിംഹ റാവുവിന് മാത്രമാണ്. ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായപ്പോൾ കാമാരാജായിരുന്നു കോൺഗ്രസ് പ്രസിഡണ്ട്. പക്ഷെ ബാബറി മസ്ജിദിന്റെ പതനത്തോടെ നെഹ്റു കുടുംബം വീണ്ടും അധികാരത്തിലേയ്ക്ക് തിരികെയെത്തി. 1998ലാണ് സോണിയാഗാന്ധി കോൺഗ്രസിന്റെ പ്രസിഡണ്ടാകുന്നത്. ആറ് കൊല്ലങ്ങൾക്ക് ശേഷം കേന്ദ്രത്തിൽ വീണ്ടും കോൺഗ്രസ്സ് മന്ത്രിസഭയുണ്ടാക്കിയെങ്കിലും അവർ പ്രധാനമന്ത്രി സ്ഥാനത്തിരുന്നില്ല. 2004ലാണ് രാഹുൽ ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നത്. എന്നാൽ മന്ത്രിപദവികളിൽ നിന്ന് അദ്ദേഹവും ഒഴിഞ്ഞുനിന്നു. പിന്നീട് കോൺഗ്രസ്് പ്രസിഡണ്ടായ അദ്ദേഹവും പാർട്ടിയിലെ തൊഴുത്തിൽ കുത്ത് മടുത്ത് ആ പദവി ഉപേക്ഷിച്ചു. അതിന് ശേഷമാണ് താത്കാലിക പ്രസിഡണ്ടായി സോണിയ ഗാന്ധി ചുമതലേയറ്റെടുത്തത്. 

അമ്മയാണ് ഔദ്യോഗികമായി പ്രസിഡണ്ടെങ്കിലും പാർട്ടിയിലെ അടുത്ത കാലം വരെയുള്ള എല്ലാ തീരുമാനങ്ങളിലും മുഖ്യപങ്ക് രാഹുൽ ഗാന്ധിക്ക് തന്നെയാണ് ഉള്ളത്. ദേശീയരാഷ്ട്രീയത്തിൽ ഇപ്പോൾ നരേന്ദ്രമോഡിക്ക് പറ്റിയ എതിരാളിയും അദ്ദേഹം തന്നെ. അടുത്തിടെ ഉണ്ടായ രാജസ്ഥാൻ പ്രതിസന്ധി ഉൾപ്പടെ പരിഹരിച്ചത് അദ്ദേഹത്തിന്റെ ഇടപ്പെടൽ കാരണമാണ്. ഔദ്യോഗികമായി ഒരു എം പി സ്ഥാനം മാത്രമുള്ള രാഹുൽ ഗാന്ധി തന്റെ ഈ പിൻസീറ്റ് ഡ്രൈവിങ്ങ് മാറ്റി മുന്പോട്ട് വരണമെന്നാണ് പല ദേശീയ നേതാക്കളുടെയും ആഗ്രഹമെങ്കിലും അതിന് അദ്ദേഹം സമ്മതം മൂളുന്നില്ല. മാത്രമല്ല ഇപ്പോൾ കത്ത് നൽകിയവരിൽ പലർക്കും ബിജെപി ബന്ധമുണ്ടെന്നാണ് രാഹുലിന്റെ വാദം. കത്തെഴുതിയവരുടെ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള ദേശീയ നേതാവ് ശശി തരൂർ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. കത്തെഴുതിയ ആർക്കും തന്നെ ഇപ്പോൾ നേരിട്ട് നെഹ്റു കുടുംബത്തിനെ എതിർക്കാൻ ശക്തിയില്ല. മാത്രമല്ല നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദർ സിങ്ങ്, ഗെഹ്ലാത്ത്, ഭൂപേഷ് ഗോയൽ, വി നാരായണ സ്വാമി എന്നിവർ സോണിയഗാന്ധിയുടെ വിശ്വസ്തരുമാണ്. സത്യത്തിൽ നേതാവ് വേണം എന്നാവശ്യപ്പെടുന്ന കത്തെഴുതിയവർ പാവങ്ങളാണ്. അവർക്ക് ബിജെപിയെ എതിർക്കാനും മുന്പിൽ നിർത്താനും ഒരാളെ സ്ഥിരമായി വേണം. അതിന് നെഹ്റു കുടുംബത്തിൽ നിന്നല്ലെങ്കിൽ അവർക്ക് താത്പര്യമുള്ള  മറ്റൊരാൾ. അതിന് വേണ്ടി വേണമെങ്കിൽ തങ്ങളിൽ ഒരാളെ തന്നെ തെരഞ്ഞെടുക്കയാണെങ്കിലും അവർക്ക് സമ്മതം. എന്തായാലും  ശശി തരൂർ ഉൾപ്പടെയുള്ള നേതാക്കളാണ് ഇതിനായി കുപ്പായവും തയ്പിച്ച് ഇരിക്കുന്നതെന്നാണ് അണിയറ സംസാരം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed