ജയലളിതയുടെ വസതി മുഖ്യമന്ത്രിയുടെ താമസസ്ഥലമാക്കാൻ നീക്കവുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതി "വേദ നിലയം’ മുഖ്യമന്ത്രിയുടെ താമസസ്ഥലമാക്കാൻ തമിഴ്നാട് സർക്കാർ ആലോചിക്കുന്നു. ഇന്നലെ മദ്രാസ് ഹൈക്കോടതിയിലാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. ജയലളിതയുടെ വസതി സ്മാരകമാക്കുന്നതിനെതിരേ റെസിഡൻസ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവെയാണു തമിഴ്നാട് സർക്കാർ ഇതു സംബന്ധിച്ച പരിഗണനകൾ കോടതിയിൽ വ്യക്തമാക്കിയത്.
സ്മാരകം നിർമിക്കുന്നതിനേക്കാൾ തമിഴ്നാട് മുഖ്യമന്ത്രിയുടെ വസതിയാക്കി മാറ്റുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചു. തങ്ങളുടെ സമാധാന ജീവിതത്തെ ബാധിക്കും എന്നു ചൂണ്ടിക്കാട്ടിയാണു പോയസ് ഗാർഡനും കസ്തൂരി എസ്റ്റേറ്റ് ഹൗസ് അസോസിയേഷനും കോടതിയെ സമീപിച്ചത്.

