കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 22,771 പോസിറ്റീവ് കേസുകളും 394 മരണവും
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 22,000 കടന്നു. 24 മണിക്കൂറിനിടെ 22,771 പോസിറ്റീവ് കേസുകളും 394 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ഡെത്ത് ഓഡിറ്റിലൂടെ 48 പേരുടെ മരണം കൂടി കണക്കിൽ ചേർത്തു.
രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തശേഷം പ്രതിദിന കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 13,313 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ആകെ പോസിറ്റീവ് കേസുകൾ 6,48,315 ആയി. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 18,655 ആയി ഉയർന്നു. രാജ്യത്ത് 3,94,226 പേർ ഇതുവരെ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 2,35,433 പേരാണ്.

