കോമൺവെൽത്ത് ഗെയിംസ് സ്റ്റേഡിയം ഇനി കോവിഡ് ആശുപത്രി
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് സ്റ്റേഡിയം കോവിഡ് കെയർ സെന്‍ററാക്കി ഡൽഹി സർക്കാർ. സ്റ്റേഡിയത്തിൽ 600 കിടക്കകളുള്ള കോവിഡ് കെയർ സെന്‍ററാണ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്റ്റേഡിയത്തിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ഈ കേന്ദ്രത്തിൽ 600 കിടക്കകളാണുള്ളത്. അതിൽ 200 എണ്ണം ഇതിനകം തന്നെ തയാറായി കഴിഞ്ഞതായി അരവിന്ദ് കേജരിവാൾ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കേന്ദ്രം പ്രവർത്തനം ആരംഭിക്കും. ആരോഗ്യപ്രവർത്തകർക്ക് താമസസൗകര്യവും ഇവിടെ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 80 ഡോക്ടർമാരെയും 150 നഴ്സുമാരെയുമാണ് ഇവിടെ നിയമിക്കുന്നത്.
ഗുരുതരാവസ്ഥയിലായ രോഗികളെ ഇവിടേക്ക് എത്തിക്കില്ല. ഇവർക്ക് ആശുപത്രികളിൽ തന്നെ ചികിത്സയൊരുക്കും. ചികിത്സയിലുള്ള രോഗികളുടെ നില വഷളായാൽ അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഓക്സിജൻ സൗകര്യങ്ങളും ആംബുലൻസുകളും ക്രമീകരിച്ചിട്ടുണ്ട്.

