ചൈന തടഞ്ഞുവച്ച പത്ത് ഇന്ത്യൻ സൈനികർക്ക് മോചനം
ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിനിടെ തടഞ്ഞുവച്ച ഇന്ത്യൻ സൈനികരെ ചൈന വിട്ടയച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ നയതന്ത്ര ചർച്ചകൾക്കുശേഷമാണ് ഉദ്യോഗസ്ഥരെ ചൈന മോചിപ്പിച്ചത്. നാല് ഉന്നത ഉദ്യോഗസ്ഥരടക്കം പത്ത് ഇന്ത്യൻ സൈനികരെയാണ് ചൈന ബുധനാഴ്ച തടഞ്ഞുവച്ചത്. അതേസമയം ഇവരെ കാണാതായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവർ വ്യാഴാഴ്ച രാത്രി മടങ്ങിയെത്തിയതായാണ് വിവരം.<br> <br> അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ ആരും ചൈനീസ് സേനയുടെ പിടിയിൽ ഇല്ലെന്നു വ്യാഴാഴ്ച കരസേന വ്യക്തമാക്കിയിരുന്നു.
തടഞ്ഞുവച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിനു ശേഷമായിരുന്നു സൈന്യത്തിന്റെ ഈ പ്രസ്താവനയെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഗാൽവനിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. 76 സൈനികർക്കു പരിക്കേറ്റിരുന്നു. ഇവർ 15 ദിവസത്തിനകം ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൈനിക വൃത്തങ്ങൾ പറഞ്ഞു.

