ധീരസൈനികരുടെ ജീവത്യാഗം വെറുതെയാകില്ല: പ്രകോപിപ്പിച്ചാൽ കനത്ത മറുപടി നൽകും: പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ − ചൈന അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീരസൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘’ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്. പക്ഷേ, പ്രകോപിപ്പിച്ചാൽ കനത്ത മറുപടി കൊടുക്കാൻ ഇന്ത്യ സർവസജ്ജമാണ്. അതെന്ത് തരം സാഹചര്യവുമാകട്ടെ’’, എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു. കൊവിഡ് പ്രതിസന്ധി വിലയിരുത്താൻ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിന് തൊട്ടുമുന്പാണ് മോദി ഈ പ്രസ്താവന നടത്തിയത്.
’’ചൈനയോട് ഏറ്റുമുട്ടി മരിച്ച സൈനികരെക്കുറിച്ചോർത്ത് രാജ്യം അഭിമാനം കൊള്ളുന്നു’’, എന്ന് പറഞ്ഞ പ്രധാനമന്ത്രി, അവരുടെ വീരമൃത്യുവിൽ ആദരമർപ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. അതിന് ശേഷമാണ് യോഗം തുടങ്ങിയത്.
വെള്ളിയാഴ്ച ഇന്ത്യ − ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ മോദി സർവകക്ഷിയോഗം വീഡിയോ കോൺഫറൻസിംഗ് വഴി വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേരുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രി അതിർത്തിയിലെ സംഘർഷാവസ്ഥയെക്കുറിച്ച് പ്രതികരിക്കുന്നത്.

