പ്രവാസിവിരുദ്ധ നീക്കം; സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകും: സമസ്ത ബഹ്റൈൻ
മനാമ: പ്രവാസിവിരുദ്ധ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ പ്രവാസികളുടെ മരണനിരക്ക് ഉയരുന്നതുൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് പ്രവാസലോകം സാക്ഷിയാകുമെന്ന് സമസ്ത ബഹ്റൈൻ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. ഇതിനകം ഗൾഫിൽ മരണപ്പെട്ട പ്രവാസികളുടെ എണ്ണം 225 പിന്നിട്ടിരിക്കുകയാണ്. സർക്കാരിന്‍റെ നിരുത്തരവാദപരമായ ഈ നീക്കം തുടർന്നാൽ സ്വന്തം നാടും വീടും കൂടപ്പിറപ്പുകളെയും ഒരു നോക്കു കാണാൻ കഴിയാതെ നിരവധി പേർ ഇവിടെ മരിച്ചൊടുങ്ങും.
ജോലിയും കൂലിയുമില്ലാതെ അന്യ ദേശത്ത് ദുരിതത്തിൽ കഴിയുന്ന പ്രവാസികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. അവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും മാനസികാവസ്ഥയും ദുരിതങ്ങളും സർക്കാർ മനസ്സിലാക്കണം. ഈ സാഹചര്യത്തിൽ നാട്ടിലെത്താനാഗ്രഹിച്ച് എംബസികളിൽ പേര് രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. അവർക്ക് എത്രയും പെട്ടെന്ന് നാടണയാനുള്ള വിമാന സർവ്വീസ് ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാത്തതു കൊണ്ടാണ് പ്രവാസികൾക്ക് ചാർട്ടർ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. ഈ നിസഹായാവസ്ഥയിലും അനാവശ്യവും അപ്രായോഗികവുമായ നിബന്ധനകൾ വെച്ച് അവരെ ദ്രോഹിക്കുന്നത് ഒരു ജനകീയ സർക്കാരിന് യോജിച്ചതല്ല.
നിലവിൽ കേരളമൊഴികെ മറ്റെവിടെക്കും ബാധകമല്ലാത്ത ഒരു നിബന്ധന കേരളത്തിലേക്ക് വരുന്ന ചാർട്ടഡ് വിമാനങ്ങൾക്ക് മാത്രം ബാധകമാക്കിയ കേരള സർക്കാറിന്റെ തീരുമാനം പിൻവലിച്ചേ മതിയാകൂ. ഇത്രമാത്രം ക്രൂരമായി പെരുമാറാൻ പ്രവാസികൾ എന്തു തെറ്റാണു കേരളസർക്കാറിനോട് ചെയ്തത്. പ്രളയമുൾപ്പെടെയുള്ള ദുരന്തമുഖങ്ങളിലെല്ലാം പ്രവാസികൾ കൈയയ്ച്ചു സഹായിച്ചിട്ടുണ്ട്.
ആ നന്ദിയും കടപ്പാടുകളും വിസ്മരിച്ച്, സ്വന്തം നാട്ടിൽ തിരിച്ചെത്താനുള്ള അവരുടെ അവകാശത്തെ ഹനിക്കുന്നത് ജനകീയ സർക്കാറിന് ഭൂഷണമല്ല. പ്രവാസികളോട് ഇത്തിരിയെങ്കിലും കരുതലുണ്ടെങ്കിൽ, അത് വാക്കിലല്ല, പ്രവർത്തി പദത്തിലൂടെയാണ് സർക്കാർ പ്രകടിപ്പിക്കേണ്ടതെന്നും സമസ്ത ബഹ്റൈൻ പ്രസ്താവനയിൽ പറഞ്ഞു.

