കൊവിഡ്: അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അതീവ ജാഗ്രതാ നിർദ്ദേശം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ ജാഗ്രത നിർദ്ദേശം. രോഗവ്യാപനം ഈ നിലയിൽ തുടർന്നാൽ മെഡിക്കൽ സംവിധാനം വെല്ലുവിളി നേരിടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ഇളവുകൾ വെട്ടി ചുരുക്കാനുള്ള നീക്കം തുടങ്ങി.
അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗബാധയും മരണ നിരക്കുകളും കൂടുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ 84 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലാണ്.
കൊവിഡ് മരണങ്ങളുടെ ദേശീയ ശരാശരി 2.8 ശതമാനമെങ്കിൽ അഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ശരാശരി നിരക്ക്. ഈ അഞ്ച് സംസ്ഥാനങ്ങൾക്കുമാണ് കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. കൊവിഡ് മാസങ്ങളോളം നീണ്ടുനിൽക്കുമെന്ന മുന്നറിയിപ്പുകൾക്കിടെ വെന്‍റിലേറ്റർ, ഐസിയു അടക്കമുള്ള സംവിധാനങ്ങൾ ആഗസ്റ്റോടെ നിറയുമെന്നും കൂടുതൽ കരുതൽ വേണമെന്നുമാണ് മുന്നറിയിപ്പ്.
കണ്ടൈയ്ന്‍മെന്‍റ് സോണുകൾ നിർണയിക്കുന്നതിൽ മാറ്റം വരുത്തുമെന്ന് കേരളം വ്യക്തമാക്കി കഴിഞ്ഞു. ആഴ്ച അവസാനത്തിലും പൊതു അവധി ദിവസങ്ങളിലും ലോക്ക് ഡൗൺ കൂടുതൽ കർശനമാക്കാനാണ് പഞ്ചാബിന്‍റെ തീരുമാനം. ചെന്നൈ അടച്ചിടുന്നതിനെ കുറിച്ച് ആലോചിച്ചു കൂടെയെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചിരിക്കുന്നു. സന്പൂർണ്ണ നിയന്ത്രണം തിരികെ കൊണ്ടുവരാൻ ഝാർഖണ്ധും ആലോചിക്കുന്നുണ്ട്. ലോക്ക് ഡൗൺ ഇളവുകൾ വെട്ടികുറക്കണമെന്ന ആവശ്യം ചില സംസ്ഥാനങ്ങൾ ഇതിനോടകം കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചുവെന്നാണ് സൂചന.

