നിസർഗ കൊടുങ്കാറ്റ് ഭീതിയിൽ മുംബൈ

മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കൊടുങ്കാറ്റായി മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നിസർഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് ബുധനാഴ്ച വൈകിട്ട് മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് പ്രവേശിക്കുമെന്നാണ് കരുതുന്നത്. മുംബൈയിലും സമീപജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകി. 120 വർഷങ്ങൾക്ക് ശേഷമാണ് മുംബൈ തീരത്ത് ഒരു ചുഴലിക്കാറ്റ് വീശുന്നത്.
സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യർഥന. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ പരിശോധിച്ചു. എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർഥിക്കുന്നു. സാധ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കാൻ ആളുകളോട് അഭ്യർഥിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.