ലോക്ക്ഡൗൺ ഇളവുകൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: രാജ്യത്ത് മെയ് 17ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗൺ വീണ്ടും നീട്ടിയാൽ, നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുതരമായി രോഗബാധ റിപ്പോർട്ട് ചെയ്ത ഇടങ്ങളല്ലെങ്കിൽ അവിടെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകും. എന്നാൽ റെഡ്, കണ്ടെയ്ൻമെന്റ് സോണുകളിൽ രാത്രി കർഫ്യൂവും പൊതുഗതാഗത നിരോധനവും ഉൾപ്പടെ തുടരാനാണ് സാധ്യത. മെയ് 15−നകം സോണുകൾ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആദ്യഘട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ രണ്ടാം ഘട്ടത്തിൽ വേണ്ടതില്ലായിരുന്നു, ഇനി മൂന്നാം ഘട്ടത്തിൽ നൽകിയതിനേക്കാൾ ഇളവുകൾ കൂടുതലായി നാലാംഘട്ടത്തിൽ നൽകാവുന്നതാണ്, പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകുമെന്നാണ് വിവരം.
സാന്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാന്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കൈത്താങ്ങ്, വിപണിയിൽ ചലനമുണ്ടാക്കൽ എന്നിവയാകും സർക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാന്പത്തികമേഖലയിൽ നിയന്ത്രണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ സന്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാർ നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.

