കണ്ണൂരും കോട്ടയവും റെഡ് സോണിൽ; പുതിയ കേന്ദ്രപട്ടിക പുറത്തുവന്നു
ന്യൂഡൽഹി: കൊവിഡ് ഭീഷണിയുടെ തോതനുസരിച്ച് രാജ്യത്തെ ജില്ലകളെ സോണുകളായി തിരിച്ചുള്ള പുതിയ വിജ്ഞാപനം പുറത്തിറങ്ങി. രാജ്യത്തെ 130 ജില്ലകളാണ് കേന്ദ്രത്തിന്‍റെ റെഡ് സോണിൽ ഉള്ളത്. ഓറഞ്ച് സോണിൽ 284 ജില്ലകളെയും ഗ്രീൻസോണിൽ 319 ജില്ലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ രണ്ട് ജില്ലകൾ മാത്രമാണ് കേന്ദ്രപട്ടികയിൽ റെഡ് സോണിൽ ഉള്ളത്. കണ്ണൂരും കോട്ടയവുമാണ് കേന്ദ്രത്തിന്‍റെ റെഡ് സോൺ പട്ടികയിലുള്ള ജില്ലകൾ. വയനാടും എറണാകുളവും ഗ്രീൻസോണിൽ. സംസ്ഥാനത്തെ മറ്റ് പത്ത് ജില്ലകൾ ഓറഞ്ച് സോണിലാണ്.
ഉത്തർപ്രദേശാണ് ഏറ്റവുമധികം റെഡ് സോൺ ഉള്ള സംസ്ഥാനം. യുപിയിലെ 19 ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര− 14, തമിഴ്നാട്− 12, ഡൽഹി −11, പശ്ചിമ ബംഗാൾ− 10, ഗുജറാത്ത് −9, മധ്യപ്രദേശ്− 8, രാജസ്ഥാൻ− 8 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ റെഡ് സോണിൽ ഉൾപ്പെട്ട ജില്ലകളുടെ എണ്ണം. ആസാമിലാണ് ഏറ്റവുമധികം ഗ്രീൻ സോൺ ജില്ലകൾ. സംസ്ഥാനത്തെ 30 ജില്ലകൾ രോഗ വ്യാപനം കുറഞ്ഞ് ഗ്രീൻ സോണിലാണ്. ഛത്തീസ്ഗഢ്− 25, അരുണാചൽ −25, മധ്യപ്രദേശ്− 24, ഒഡീഷ− 21, യുപി− 20, ഉത്തരാഖണ്ഡ്− 10 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനത്തെ വിവരങ്ങൾ.
രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവയാണിത്. മേയ് മൂന്നിന് ലോക്ക്ഡൗൺ അവസാനിച്ച ശേഷം ഈ നഗരങ്ങൾ റെഡ് സോണിൽ തുടരും.

