മാര്‍ച്ചില്‍ തുടര്‍ച്ചയായ ആറു ദിവസങ്ങളിൽ ബാങ്കുകള്‍ പ്രവർത്തിച്ചേക്കില്ല

ന്യൂഡല്‍ഹി:മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുളള ആറു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയെന്ന് റിപ്പോർട്ടുകൾ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ പണിമുടക്കും ഹോളിയും രണ്ടാം ശനിയും കൂട്ടുമ്പോൾ ആറു ദിവസം ഇടപാടുകാർ നട്ടം തിരിയും. മാര്‍ച്ച് 11, 12, 13 തീയതികളാണ് ബാങ്ക് പണിമുടക്ക്. ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പത്താം തീയതി ഹോളിയായതിനാൽ ഉത്തരേന്ത്യയിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ബുധനാഴ്ച മുതല്‍ വെളളിയാഴ്ച വരെ സമരം. 14-ാം തീയതി രണ്ടാം ശനി. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ച. അങ്ങനെ ആകെ ആരു ദിവസങ്ങൾ. ചുരുക്കത്തില്‍ ഒൻപതാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നെ അടുത്ത തിങ്കൾ വരെ കാത്തിരിക്കണം ബാങ്കുകൾ തുറക്കാൻ. ഇത്ര ദിവസം ബാങ്കുകൾ തുറക്കാതെ വരുമ്പോൾ എടിഎമ്മുകൾ കാലിയാകുമെന്നത് ഇടപാടുകാർക്ക് ഇരട്ട പ്രഹരമാകും.