ചെന്നൈയിലും ബെംഗളൂരുവിലും പൗരത്വ നിയമത്തിനെതിരായ ഡി.എം.കെ സഖ്യത്തിന്റെ മഹാറാലി

ചെന്നൈ: നഗരത്തെ സ്തംഭിപ്പിച്ചു പൗരത്വ നിയമത്തിനെതിരായ ഡിഎംകെ സഖ്യത്തിന്റെ മഹാറാലി. മദ്രാസ് ഹൈക്കോടതിയുടെ കർശന ഉപാധികളോടെ നടന്ന റാലിയിൽ പതിനായിരക്കണക്കിനാളുകൾ പങ്കെടുത്തു. ചെന്നൈ കോർപറേഷൻ ഓഫിസിൽനിന്നു രാജരത്നം േസ്റ്റഡിയം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരം താണ്ടാൻ എടുത്തത് ഒന്നര മണിക്കൂർ. എം.കെ സ്റ്റാലിൻ, പി.ചിദംബരം, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾ എന്നിവർ നേതൃത്വം നൽകി. വൻ ജനക്കൂട്ടം റാലിക്കെത്തിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
ബെംഗളൂരു-പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗര റജിസ്റ്റര്‍ (എൻ.ആർ.സി) എന്നിവയ്ക്കെതിരെ ബെംഗളൂരുവിൽ പതിനായിരങ്ങളെ അണിനിരത്തി സമാധാനറാലി. 35 മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ കന്റോൺമെന്റ് ഈദ്ഗാഹ് മൈതാനത്തു നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യജില്ലകളിൽ നിന്നുമായി ആയിരക്കണക്കിനാളുകളാണ് ദേശീയപതാകയേന്തി വാഹനറാലിയായി എത്തിയത്. ഇതോടെ എം.ജി റോഡ്, വിധാന്‍സൗധ ഉൾപ്പെടുന്ന സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കടകൾ അടച്ചിട്ട് വ്യാപാരികളും പിന്തുണയുമായെത്തി.