കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് നഞ്ചുണ്ടൻ വസതിയിൽ മരിച്ചനിലയിൽ


ബംഗളുരു: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും അറിയപ്പെടുന്ന വിവർത്തകനുമായ ജി. നഞ്ചുണ്ടനെ (68) ബംഗളുരുവിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കെങ്കേരിക്കടുത്ത നാഗദേവനഹള്ളിയിലെ വസതിയിൽ ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു നാലുദിവസത്തെ പഴക്കമുണ്ടെന്നു പോലീസ് പറഞ്ഞു. ബംഗളുരു യൂണിവേഴ്സിറ്റിയുടെ ജനഭാരതി കാന്പസിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രഫസറായിരുന്ന നഞ്ചുണ്ടൻ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ജോലി ആവശ്യാർത്ഥം ഭാര്യയും മകനും ചെന്നൈയിലാണു താമസം. നാലു ദിവസമായി കോളേജിലെത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് അഴുകിയനിലയിലുള്ള മൃതദേഹം കണ്ടത്. അറിയപ്പെടുന്ന വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണു ജി. നഞ്ചുണ്ടൻ. വിവിധ യൂണിവേഴ്സിറ്റികളിലായി 32 വർഷത്തെ അധ്യാപനപരിചയമുണ്ട്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ജ്ഞാനപീഠ പുരസ്കാര ജേതാവ് യു.ആർ. അനന്തമൂർത്തിയുടെ ഭവ, അവാസ്തെ തുടങ്ങി പത്തോളം കന്നഡ സാഹിത്യകൃതികൾ തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2012ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. വിവിധ കന്നഡ സാഹിത്യകാരന്‍മാർ ചേർന്നു രചിച്ച “അക്കാ’ എന്ന ചെറുകഥാസമാഹാരം തമിഴിലേക്കു വിവർത്തനം ചെയ്തതിനായിരുന്നു അവാർഡ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed