ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഖണ്ഡില്‍ ജെ.എം.എം−കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മഹാസഖ്യം അധികാരത്തിലേക്ക്. കോൺഗ്രസും ആർ.ജെ.ഡിയും ഉൾപ്പെട്ട ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് സഖ്യം 42 സീറ്റുകളിൽ മുന്നിലാണ്. 41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 28 സീറ്റുകളിൽ മാത്രമാണ് ബി.ജെ.പി മുന്നേറുന്നത്. പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുന്നതിനിടെയുള്ള തിരഞ്ഞെടുപ്പ് തോൽവി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക.
മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന ജെ.എം.എം. നേതാവ് ഹേമന്ത് സോറൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുന്നിലാണ്. ധുംകയിലും ബർഹൈതിലുമാണ് സോറൻ മുന്നേറുന്നത്. ജംഷ്ഡ്പുർ ഈസ്റ്റിൽ മത്സരിച്ച മുഖ്യമന്ത്രി രഘുബർ ദാസ് പിന്നിലാണ്. ഇവിടെ സ്വതന്ത്രസ്ഥാനാർഥി സരയു റോയിയുമായി രഘുബർ ദാസ് കനത്ത വെല്ലുവിളി നേരിട്ടു. മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിന്റെ ക്ഷീണം ജാർഖണ്ഡിൽ ഭരണം നിലനിർത്തി മറികടക്കാമെന്ന ബിജെപിയുടെ പ്രതീക്ഷക്കാണ് മങ്ങലേറ്റിരിക്കുന്നത്. ജാർഖണ്ഡ് വികാസ് മോർച്ച നാല് സീറ്റുകളിലും എ.ജെ.എസ്.യു രണ്ട് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻസിപിയും സിപിഐ (എം.എൽ) ഉം ഓരോ സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിൽ ജെ.എം.എം 25 ഇടത്തും കോൺഗ്രസ് 12 ഇടത്തും ആർ.ജെ.ഡി അഞ്ചിടങ്ങളിലുമാണ് മുന്നേറുന്നത്.