ഡല്‍ഹിയിലെ വസ്ത്രശാലയില്‍ തീപിടുത്തം ഒമ്പതു മരണം; പത്തുപേര്‍ക്ക് പൊള്ളലേറ്റു

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ വസ്ത്രശാലയില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ ഒമ്പതുപേര്‍ മരിച്ചു. ഡല്‍ഹിയിലെ കിരാര ഏരിയയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ രാത്രി 12.30 യോടെയാണ് തീപിടുത്തമുണ്ടായത്. പത്തു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കിരാരയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്.
പൊള്ളലേറ്റവരെ തൊട്ടടുത്ത സഞ്ജയ്ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം നടന്നത്. ഇവിടെയാണ് വസ്ത്ര ഗോഡൗണ്‍ സ്ഥിതി ചെയ്തിരുന്നത്. പുറത്തു കടക്കാന്‍ ഒരു ഗോവിണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീ കെടുത്താനുള്ള സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഇല്ലായിരുന്നു.
അതേസമയം ഡല്‍ഹിയില്‍ ഒരാഴ്ച സമയത്തിനിടയില്‍ രണ്ടാമത്തെ വന്‍ തീപിടുത്തമാണ് കിരാരയില്‍ നടന്നിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് 43 പേരുടെ മരണത്തിന് കാരണമായ തീപിടുത്തം ഝാന്‍സി റോഡിലെ ബാഗ് നിര്‍മ്മാണശാലയില്‍ ഉണ്ടായത്. പുലര്‍ച്ചെ അഞ്ചു മണിക്ക് തീപിടുത്തം നടക്കുമ്പോള്‍ ഇവിടെ 150 ലധികം തൊഴിലാളികള്‍ ഉറക്കത്തിലാണ്.