നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ മാവോവാദികൾ പാലം തകർത്തു
റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ മാവോവാദികൾ പാലം തകർത്തു. വോട്ടുചെയ്യുന്നതിൽ നിന്ന് ജനങ്ങളെ തടയുന്നതിന് വേണ്ടിയാണ് ആക്രമണം. ഗുംല ജില്ലയിലാണ് സംഭവം. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനത്തിലൂടെ പാലം തകർത്തത്. ഖാഖര−കാഠ്കോട്വ ഹൈവേയുടെ ഭാഗമായ പാലമാണ് മാവോവാദികൾ തകർത്തത്. എന്നാൽ പാലം തകർത്തത് വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു.
ജാർഖണ്ഡ് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 13 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന മാവോവാദികളുടെ ആഹ്വാനം ജനങ്ങളെ സ്വാധീനിച്ചിരുന്നില്ല. ഇതേതുടർന്നാണ് ഇവർ പാലം ബോംബ് വെച്ച് തകർത്തത്. മാവോവാദി ഭീഷണിയുള്ളതിനാൽ വൈകിട്ട് മൂന്നുമണിവരെയാണ് വോട്ടെടുപ്പ് നടക്കുക.

