ജെ.എൻ.യുവിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സംഘർഷം

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ (ജെഎൻയു) വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സംഘർഷം. ഹോസ്റ്റൽ ഫീസ് വർദ്ധന, ഡ്രസ് കോഡ്, ഭക്ഷണ മെനു എന്നിവയിലെ മാറ്റം തുടങ്ങിയവയിൽ പ്രതിഷേധിച്ച് വിദ്യാർഥി യൂണിയൻ നടത്തിയ സമരത്തിനിടെ വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി. വൈസ് ചാൻസലറെ കാണണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്നു വിദ്യാർത്ഥികൾ ബാരിക്കേഡുകൾ തകർത്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫീസ് വർദ്ധനയ്ക്കെതിരെ കഴിഞ്ഞ 15 ദിവസമായി പ്രതിഷേധമുണ്ടെന്നു വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ വിദ്യാർത്ഥികൾ വ്യാജ പ്രചാരണം നടത്തുകയാണെന്ന് സർവകലാശാല അധികൃതർ പ്രതികരിച്ചു. വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധം മറ്റു വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നെന്നും അവർ പറഞ്ഞു.