ചരിത്ര വിധിക്ക് നിമിഷങ്ങൾ....


ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി വിധി ഇന്ന് രാവിലെ പത്തര മണിക്ക്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസിൽ വിധി പറയുക. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുക. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്താണ് കേസിൽ വിധി പറയുന്നത്. ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനും തീര്‍പ്പ് കല്‍പ്പിക്കാന്‍ പോവുകയാണ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്.
സെപ്റ്റംബര്‍ 30ന് അയോദ്ധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നൽകാൻ അലഹാബാദ് ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉൾപ്പടെയുള്ള മുസ്‍ലിം കക്ഷികളും സുപ്രീംകോടതിയിലെത്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്റ്റ് 7 മുതൽ ഒക്ടോബർ 17വരെ 40 പ്രവര്‍ത്തി ദിനങ്ങളിൽ തുടര്‍ച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാൻ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചു. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നൽകി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികൾ കോടതിയിലെത്തിയതോടെയാണ് കേസിൽ വാദം കേൾക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്. ഇന്ത്യയുടെ ഏറ്റവും നീണ്ടതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ കേസാണ് അവസാനിക്കുന്നത്. 1885ല്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.

article-image

അയോധ്യ കേസിന്‍റെ നാള്‍വഴികളിലൂടെ

1528: ബാബ്റി മസ്ജിദ് നിര്‍മിച്ചെന്ന് കരുതുന്നു. ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബറാണ് മസ്ജിദ് നിര്‍മിച്ചത്. സൈനിക മേധാവി മിര്‍ ബാരിഖിനായിരുന്നു നിര്‍മാണ ചുമതല.
1885 ജനുവരി 29: ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട ആദ്യ കേസ്. മസ്ജിദിന് പുറത്ത് കൂടാരം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന വ്യക്തി ഫാസിയാബാദ് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി തള്ളി.
1949 ആഗസ്റ്റ് 22: ബാബ്റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. 29ന് ഭൂമി ജപ്തി ചെയ്ത് മേല്‍നോട്ടത്തിനായി റിസീവറെ നിയമിച്ചു.
1950 ജനുവരി 16: വിഗ്രഹത്തില്‍ പൂജക്കും ആരാധനക്കും വിഗ്രഹം സംരക്ഷിക്കാനും അനുവാദം ആവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരമഹംസ് രാമചന്ദ്രദാസ് എന്നിവര്‍ ഹര്‍ജി നല്‍കുന്നു.
1959: ബാബ്റി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് നിര്‍മോഹി അഖാഡ കേസ് ഫയല്‍ ചെയ്യുന്നു
1961: ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് സുന്നി വഖഫ് ബോര്‍ഡ് കേസ് ഫയല്‍ ചെയ്യുന്നു.
1986 ഫെബ്രുവരി1: കേസില്‍ നിര്‍ണായക വഴിത്തിരിവ്. പള്ളിതുറക്കണമെന്നും വിഗ്രഹാരാധനക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി. ബാബ്റി മസ്ജിദിനുള്ളിലെ വിഗ്രഹം ആരാധിക്കാനായി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കാന്‍ ജില്ലാകോടതി ഉത്തരവ്.
1989 ഓഗസ്റ്റ് 14: തല്‍സ്ഥിതി നിലനിര്‍ത്താന്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.
1990 സെപ്റ്റംബര്‍ 25: ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ രഥയാത്ര ആരംഭിക്കുന്നു.
1992 ഡിസംബര്‍ 6: ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം. ഹിന്ദു കര്‍സേവകര്‍ ബാബ്റി മസ്ജിദ് പൊളിക്കുന്നു. ഒരുലക്ഷത്തോളം വരുന്ന കര്‍സേവകര്‍ ആറ് മണിക്കൂര്‍ സമയമെടുത്താണ് ബാബ്റി മസ്ജിദ് തകര്‍ത്തത്.
1993 ജനുവരി 7: ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കുന്നു. കേന്ദ്ര നടപടിക്കെതിരെ നിരവധി ഹര്‍ജികള്‍. മുഴുവന്‍ ഹര്‍ജികളും വാദം കേള്‍ക്കലിനായി സുപ്രീം കോടതിയിലേക്ക് മാറ്റി.
1994 ഒക്ടോബര്‍ 24: ഇസ്‍ലാം മതവിശ്വാസമനുസരിച്ച് ആരാധനക്ക് പള്ളി അനിവാര്യമല്ലെന്ന് ഇസ്മായില്‍ ഫാറൂഖി കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
2002 ഏപ്രില്‍: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജികളില്‍ അലഹാബാദ് ഹൈക്കോടതി വാദം തുടങ്ങി.
2003 മാര്‍ച്ച് 13: തര്‍ക്ക പ്രദേശത്ത് മതപരമായ ചടങ്ങുകള്‍ നിരോധിച്ച് സുപ്രീം കോടതി വിധി. ഭൂരെ അസ്‍ലം കേസിലാണ് സുപ്രീം കോടതി ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്.
2010 സെപ്റ്റംര്‍ 30 : തര്‍ക്ക ഭൂമി സംബന്ധിച്ച ആദ്യ വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ക്ക് തുല്യമായി ഭൂമി വീതിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2:1 ഭൂരിപക്ഷത്തോടെ വിധി പ്രസ്താവിച്ചു.
2011 മെയ് 9: ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുന്നു
2016 ഫെബ്രുവരി 26: തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി 2017 മാര്‍ച്ച് 21: കേസ് സുപ്രീം കോടതിരക്ക് പുറത്ത് പരിഹരിക്കാന്‍ സാധ്യത തേടണമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്‍റെ നിര്‍ദേശം.
2017 ഡിസംബര്‍ 1: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പൗരാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍
2017 ഡിസംബര്‍ 5: ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വാദം തുടങ്ങുന്നു.
2018 സെപ്റ്റംബര്‍ 27: അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പുതിയതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 29ലേക്ക് കേസ് മാറ്റി.
2019 ജനുവരി 8:വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസ് തലവനായ അ‍ഞ്ചംഗ ബെഞ്ച് രൂപീകരിക്കുന്നു. 10ന് ജസ്റ്റിസ് യു.യു ലളിത് ബെഞ്ചില്‍ നിന്ന് പിന്മാറി.
2019 ജനുവരി 25: യു.യു ലളിതിനെ ഒഴിവാക്കി പുതിയ ബെഞ്ച് രൂപീകരിക്കുന്നു.
2019 മാര്‍ച്ച് 8: കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിക്കുന്നു. വിരമിച്ച് ജസ്റ്റിസ് ഖലീഫുല്ല അദ്ധ്യക്ഷനായ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പഞ്ചു എന്നിവരെ അംഗങ്ങളായി നിയോഗിച്ചു.
2019 മെയ് 9: മൂന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
2019 മെയ് 10: മധ്യസ്ഥ സമിതിക്ക് ആഗസ്റ്റ് 15വരെ സമയം നീട്ടി നല്‍കുന്നു.
2019 ജൂലൈ 11: മധ്യസ്ഥ ശ്രമത്തിന്‍റെ പുരോഗതി സുപ്രീം കോടതി ആരായുന്നു.
2019 ആഗസ്റ്റ് 1: മധ്യസ്ഥ ശ്രമം പരാജയപ്പെടുന്നു. മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുന്നു.
2019 ആഗസ്റ്റ് 2: തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിക്കുന്നു.
2019 ആഗസ്റ്റ് 6: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ മാരത്തണ്‍ വാദം കേള്‍ക്കലിന് തുടക്കം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തലവനും ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.
2019 ഒക്ടോബര്‍ 16: നീണ്ട 40 ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി.
2019 നവംബര്‍ 9:നവംബര്‍ ഒമ്പതിന് രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രീം കോടതി അറിയിപ്പ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed