തനിക്കെതിരെ ഉയന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിച്ചു ബാനർജി


ന്യൂഡൽഹി: തനിക്ക് ഇടതു ചായ് വാണെന്ന കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് യോഗലിന്‍റെ ആരോപണത്തോടു പ്രതികരിച്ചു സാന്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജി. പീയുഷ് ഗോയൽ തന്‍റെ പ്രൊഫഷണലിസത്തെയാണു ചോദ്യം ചെയ്തതെന്നും താൻ സാന്പത്തിക ചിന്തയിൽ പക്ഷപാതം കാണിക്കാറില്ലെന്നും ബാനർജി പറഞ്ഞു. എൻഡിടിവിക്കു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കോണ്‍ഗ്രസിനു പകരം ബിജെപിയാണു തന്നോട് ഉപദേശം തേടിയിരുന്നതെങ്കിൽ അവർക്കും വിവരങ്ങൾ നൽകുമായിരുന്നു. കാരണം ഇതു തന്‍റെ പ്രൊഫഷനാണ്. സാന്പത്തിക ചിന്തയിൽ താൻ പക്ഷപാതം കാണിക്കാറില്ല. പല സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കും ഇത്തരത്തിൽ പദ്ധതികളും ഉപദേശങ്ങളും ഞങ്ങൾ നൽകാറുണ്ട്. പലയിടത്തും ബിജെപി സർക്കാരാണ്. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണു താൻ ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളിൽ മുദ്രകുത്തുന്നതു ശരിയല്ലെന്നും ബാനർജി പറഞ്ഞു.

നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിലെ മലനീകരണ ബോർഡുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ടെന്നും തങ്ങളുടെ നിർദേശങ്ങളിൽ പലതും ഗുജറാത്തിലെ മലനീകരണ ബോർഡ് നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ, അഭിജിത്ത് ബാനർജിയെ തള്ളി കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയും പരാമർശങ്ങൾ നടത്തിയിരുന്നു. ബാനർജി ഇടതു ചായ് വുള്ളയാളാണെന്നും ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തെ തള്ളിക്കളഞ്ഞതാണ് എന്നുമായിരുന്നു പിയൂഷ് ഗോയൽ പറഞ്ഞത്. രണ്ടാം ഭാര്യ വിദേശിയായവർക്കാണു നൊബേൽ ലഭിക്കുന്നതെന്നായിരുന്നു രാഹുൽ സിൻഹയുടെ പരിഹാസം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനർജി. ഇതു ചൂണ്ടിക്കാട്ടിയാണു പിയൂഷ് ഗോയൽ ബാനർജിയെ ഇന്ത്യക്കാർ തള്ളിക്കളഞ്ഞതാണെന്ന് ആരോപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed