കൽക്കി ഭഗവാന്റെ ആശ്രമങ്ങളിൽ നടത്തിയ റെയ്ഡിൽ കണക്കില്ലാത്ത 409 കോടി രൂപയുടെ രസീത്
ചെന്നൈ: നിരവധി അനുയായികളുള്ള ആത്മീയ നേതാവ് ‘കൽക്കി ഭഗവാന്റെ’(70) വിവിധ സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്‍ഡ്. കണക്കിൽ പെടാത്ത ഏകദേശം 409 കോടി രൂപയുടെ പണത്തിന്റെ രസീത് വെള്ളിയാഴ്ചത്തെ പരിശോധനയിൽ കണ്ടെത്തി. പണമായി 43.9 കോടി രൂപയും 18 കോടി യുഎസ് ഡോളറും പിടിച്ചെടുത്തു. സ്വർണവും വജ്രവും ഉൾപ്പെടെ ആകെ 93 കോടി രൂപ മൂല്യമുള്ള സ്വത്തുവകകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 88 കിലോ സ്വർണവും കണ്ടെടുത്തു.
500 കോടി രൂപയുടെ കണക്കിൽപെടാത്ത സ്വത്തുവകകൾ ഉണ്ടെന്നാണു നിഗമനം. റെയ്ഡിൽ പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആന്ധ്രപ്രദേശിലെ വരടൈപാലം, ചെന്നൈ, തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത്. തത്വശാസ്ത്രം, ആത്മീയത എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്ന വിവിധ ക്യാംപസുകളും ഉൾപ്പെടും. ഇതിനുപുറമെ കല്‍ക്കി ഭഗവാന്റെയും മകന്റെയും വീടുകളിലും പരിശോധന നടന്നു.
കൽക്കി ഭഗവാൻ സ്ഥാപിച്ച സൗഖ്യ പരിപാടികൾ നടത്തുന്ന ട്രസ്റ്റുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാൽപതോളം സ്ഥലങ്ങളിലും പരിശോധന നടത്തി. ഇന്ത്യയിലും വിദേശത്തുമായി റിയൽ എസ്റ്റേറ്റ്, നിർമാണം, കായികം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പല സംഘങ്ങളാണു സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന നിരവധി പണമിടപാടുകളുടെ രേഖകൾ മറച്ചുവയ്ക്കുന്നെന്ന വിവരത്തെ തുടർന്നാണ് ആദായനികുതി വകുപ്പു പരിശോധന നടത്തുന്നത്.
വിവിധ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലുമായി ഇവ സൂക്ഷിച്ചിരിക്കുകയാണെന്നാണു വിവരം. ഇന്ത്യയിൽ നിന്നും സൗഖ്യ പരിപാടികളിൽ പങ്കെടുത്ത വിവിധ വിദേശ ഇടപാടുകാരിൽ നിന്നുമായി ചൈന, യുഎസ്, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലുള്ള കൽക്കി ഭഗവാന്റെ അധീനതയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പണമിടപാടുകൾ നടത്തിയതായും രേഖകളുണ്ട്. പരിശോധന തുടരുകയാണ്. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി കൽക്കി ഭഗവാനുള്ളത്.

