കമലേഷ് തിവാരിയുടെ കൊലപാതകം: അഞ്ചുപേർ അറസ്റ്റിൽ


ലഖ്നൗ: യുപിയിലെ ഹിന്ദുസംഘടനാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു പേർ അറസ്റ്റിൽ. ഉത്തർപ്രദേശ്, ഗുജറാത്ത് പൊലീസ് സേനകൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗുജറാത്തിൽ മൂന്നു പേരെയും യുപിയിലെ ബിജ്‌നോർ ജില്ലയിൽ നിന്നു രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പങ്കുള്ളതായി കരുതുന്ന രണ്ട് പ്രതികൾ ഒളിവിലാണ്.

സൂചനകളെ അടിസ്ഥാനമാക്കി ചെറിയ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കാൻ കഴിഞ്ഞതെന്ന് യുപി ഡിജിപി ഒ.പി.സിങ് പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന് പലഹാരങ്ങൾ അടങ്ങിയ ബാഗു കണ്ടെത്തിയിരുന്നു. ഗുജറാത്ത് ഡിജിപിയുമായി സംസാരിച്ച ശേഷം ഒരു സംഘത്തെ അവിടേക്ക് അയച്ചു. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കമലേഷ് തിവാരിയുടെ വീടിനു പുറത്തുനിന്ന് പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും പലഹാരങ്ങൾ അടങ്ങിയ മഞ്ഞ ബാഗുമായി വരുന്നതാണു ദൃശ്യത്തിൽ. ദീപാവലി സമ്മാനമാണെന്നു കാണിച്ചു വീടിനുള്ളിലേക്ക് പ്രവേശിക്കാൻ അവർ ശ്രമിക്കുന്നതും വ്യക്തമാണ്. പുരുഷന്മാരിൽ ഒരാൾ കുങ്കുമ കുർത്തയും മറ്റൊരാൾ ചുവപ്പു കുർത്തയുമാണ് ധരിച്ചിരിക്കുന്നത്.
ചുവന്ന കുർത്തയും വെളുത്ത ദുപ്പട്ടയുമാണ് യുവതിയുടെ വേഷം. ദൃശ്യങ്ങളിൽ നിന്നു ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് പലഹാരങ്ങൾ വാങ്ങിയതെന്നു വ്യക്തമാണെന്നും അതാണ് അന്വേഷണത്തിനു സഹായമായതെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ടു യുപിയിലെ ബിജ്‌നോർ ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കെതിരെ തിവാരിയുടെ ഭാര്യ കിരൺ തിവാരി നൽകിയ പരാതിയിന്മേൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിക്കണമെന്നും ഭർത്താവിന്റെ കൊലയാളികളെ കണ്ടെത്തിയില്ലെങ്കിൽ കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്യുമെന്നും കിരൺ തിവാരി ഭീഷണി മുഴക്കി. ഭർത്താവിന് ദിവസവും ഭീഷണി ഫോൺ കോളുകൾ വന്നിരുന്നു. സർക്കാർ സംവിധാനങ്ങൾ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും അവർ പറഞ്ഞു.

ഖുർഷിദ് ബാഗിൽ വീടിനടുത്തുള്ള ഓഫിസിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കമലേഷ് തിവാരി (43) കൊല്ലപ്പെട്ടത്. കമലേഷിന്റെ വസതിയിലെത്തിയ കൊലയാളികൾ അദ്ദേഹത്തെ കുത്തി വീഴ്ത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം തവണ വെടിയേറ്റ കമലേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 2017ൽ ഹിന്ദു സമാജ് പാർട്ടി സ്ഥാപിച്ച തിവാരിക്ക് രണ്ടു തോക്കുധാരികളും ഒരു കാവൽക്കാരനും ഉൾപ്പെടുന്ന സുരക്ഷ പ്രാദേശിക പൊലീസ് നൽകിയിരുന്നു. കൊലപാതകം നടന്ന ദിവസം തോക്കുധാരികൾ ഉണ്ടായിരുന്നില്ല. സംശയം തോന്നിയയാളെ ഗേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞുവെന്നും പരിശോധന നടത്തിയ ശേഷമാണ് തിവാരിയെ കാണാൻ അനുവദിച്ചതെന്നും പൊലീസ് പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed