ഹരിയാന മുന്‍ പി.സി.സി അദ്ധ്യക്ഷന്‍ അശോക് തന്‍വര്‍ പാര്‍ട്ടി വിട്ടു


ന്യൂഡല്‍ഹി: ഹരിയാന മുന്‍ പി.സി.സി അദ്ധ്യക്ഷന്‍ അശോക് തന്‍വര്‍ രാജിവച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തന്‍വര്‍ രാജിവച്ചത്. ഹരിയാനയില്‍ കോണ്‍ഗ്രസ് സീറ്റ് വില്‍ക്കുകയാണെന്ന് ആരോപിച്ച് തന്‍വര്‍ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റിയില്‍ നിന്നും രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്‍വര്‍ പാര്‍ട്ടി വിട്ടത്.
ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്‍വറിന്റെ രാജി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. നാല് പേജുള്ള രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് തന്‍വര്‍ കൈമാറി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണെന്ന് തന്‍വര്‍ ആരോപിച്ചു. അത് പാര്‍ട്ടി ശത്രുക്കള്‍ കാരണമല്ല, മറിച്ച് പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍ തന്നെയാണ് അതിന്റെ കാരണമെന്നും തന്‍വര്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ മാസങ്ങളായി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് തന്‍വര്‍ രാജിക്കത്തില്‍ പറഞ്ഞു. തന്റെ പേരാട്ടം വ്യക്തിപരമല്ല, മറിച്ച് പാര്‍ട്ടിയെ നശിപ്പിക്കുന്ന സിസ്റ്റത്തിനെതിരെയാണെന്നും തന്‍വര്‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed