പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-ാം ജന്മദിനം

ന്യൂഡൽഹി: 69-ാം ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. അഹമ്മദാബാദിൽ എത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. തുടർന്ന് സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തും.'നമാമി നർമദാ മഹോത്സവം' ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. മോദി ഇന്ന് ഗുജറാത്തിലെ സർദാർ സരോവർ ഡാം സന്ദർശിച്ച് പൂജകൾ നടത്തും. ഡാമിൽ ജലം പൂർണതോതിൽ ഉയർന്നതിനോടനുബന്ധിച്ചു നടത്തുന്നതാണ് നമാമി ആഘോഷം.
ഉയരം വർധിപ്പിച്ചതിനു ശേഷം ആദ്യമായാണ് ഡാം നിറയുന്നത്. ഇന്നു രാവിലെ റെയ്സൻ ഗ്രാമത്തിൽ അമ്മ ഹീരാബെന്നിനെ സന്ദർശിച്ച ശേഷമായിരിക്കും മോദി സർദാർ സരോവർ ഡാമിലേക്കു പോകുന്നത്. സർദാർ പട്ടേലിന്റെ പ്രതിമയ്ക്കു സമീപം നടത്തുന്ന വികസന പ്രവർത്തനങ്ങളും മോദി സന്ദർശിച്ചേക്കും.
അതേ സമയം ഗുജറാത്തിലെ വിദ്യാലയങ്ങളിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പാർലമെന്റ് റദ്ദാക്കിയതിനെ പറ്റി വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിക്കാനാണ് പ്രധാനധ്യാപകർക്കു നിർദ്ദേശം ലഭിച്ചിരിക്കുന്നത്.