പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും താജുദ്ദീന്‍ വടകരയുടെ പിതാവുമായ എം.കുഞ്ഞിമൂസ അന്തരിച്ചു


കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം.കുഞ്ഞിമൂസ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. തലശ്ശേരി മൂലക്കാലിൽ കുടുംബാംഗമാണ്. ഖബറടക്കം വൈകുന്നേരം വടകരയിൽ. വടകര മൂരാടായിരുന്നു താമസം.
കേരളത്തിലെ മാപ്പിളപ്പാട്ടു രംഗത്ത് നിറഞ്ഞുനിൽക്കവേ ബഹ്റൈനിലേക്ക് പോയ, കുഞ്ഞിമൂസ ദീർഘകാലം പ്രവാസജീവിതവും നയിച്ചു. 'പാട്ടും ചുമന്നൊരാൾ' എന്ന ജീവചരിത്രകൃതി കുഞ്ഞിമൂസയെ കുറിച്ചുള്ളതാണ്. പ്രശസ്ത ഗായകൻ താജുദ്ദീൻ വടകര അടക്കം എട്ടുമക്കളുണ്ട്. പരേതനായ ഗസൽഗായകൻ എം.എ.ഖാദർ സഹോദരനാണ്.
1970 മുതൽ മാപ്പിളപ്പാട്ട് മേഖലയിൽ സജീവമായിരുന്നു. 'കതിർ കത്തും റസൂലിന്റെ', 'യാ ഇലാഹീ', 'ഖോജരാജാവേ', 'ദറജപ്പൂ' തുടങ്ങി നിരവധി പ്രശസ്തഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. ആകാശവാണിയിൽ സ്ഥിരം ഗായകനായിരുന്നു. നിരവധി ലളിതഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
സ്വന്തമായി പാട്ടുകൾ എഴുതുകയും ഈണം നൽകുകയും ചെയ്തിരുന്നു. തലശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ, പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ പിന്തുണയോടെ ഗാനമേഖലയിൽ സജീവമാവുകയായിരുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീതസഭ തുടങ്ങിയവയുടെ പ്രവർത്തകനായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed