സുഷമ സ്വരാജിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന്‍റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. സുഷമ സ്വരാജിന്‍റെ നിര്യാണം ഞെട്ടലോടെയാണ് കേട്ടതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അസാമാന്യ രാഷ്ട്രീയ നേതാവും പ്രതിഭാധനയായ പ്രാസംഗികയും അസാധാരണമായ പാർലമെന്‍റേറിയനും പാർട്ടിക്കുപുറത്തും സൗഹൃദങ്ങളുള്ള ആളുമായിരുന്നു സുഷമയെന്ന് രാഹുൽ അനുസ്മരിച്ചു. അവർക്ക് നിത്യശാന്തിനേരുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു.
സുഷമ സ്വരാജിന്‍റെ നിര്യാണം അഗാധമായ ദുഖം ഉളവാക്കിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. 1990 മുതൽ പരിചയമുള്ള സുഷമ സ്വരാജിന്‍റെ പെട്ടെന്നുള്ള മരണം ഞെട്ടലുണ്ടാക്കി. തങ്ങളുടെ പ്രത്യശാസ്ത്രങ്ങൾ വ്യത്യാസമാണെങ്കിലും നിരവധി തവണ പാർലമെന്‍റിൽ ഒരുമിച്ച് സമയം ചെലവഴിച്ചിട്ടുണ്ട്. വിശിഷ്‌ടയായ രാഷ്ട്രീയ നേതാവും നല്ല മനസുള്ളയാളുമായിരുന്നു- മമത ട്വീറ്റ് ചെയ്തു.

