പി.എസ്‍.സി പരീക്ഷാ ക്രമക്കേട്; പ്രണവിന് സന്ദേശമയച്ചത് പൊലീസുകാരൻ


 

തിരുവനന്തപുരം: പി.എസ്.‍സി പരീക്ഷയിൽ ക്രമക്കേട് നടത്താൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളെ സഹായിച്ചവരിൽ ഒരാൾ പൊലീസുകാരന്‍ ആണെന്ന് കണ്ടെത്തി. റാങ്ക് പട്ടികയിൽ രണ്ടാം റാങ്കുകാരനായ പ്രണവിന്‍റെ ഫോണിലേക്ക് സന്ദേശം അയച്ചത് പൊലീസുകാരനായ ഗോകുൽ വി.എം ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

പരീക്ഷാ സമയത്ത് പ്രണവിന്‍റെ ഫോണിലേക്ക് മൂന്ന് നന്പരുകളിൽ നിന്നാണ് സന്ദേശം വന്നതെന്ന് പി.എസ്‍.സി വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു. ഇതിലൊന്ന് ഗോകുലിന്‍റെ പേരിലുള്ളതാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. എസ്.എ.പി ക്യാന്പിലെ പൊലീസുകാരനും പ്രണവിന്‍റെ അയൽ‍വാസിയുമാണ് ഗോകുൽ‍. പ്രണവിനെ സഹായിക്കാൻ വേണ്ടി പുതിയ മൊബൈൽ കണക്ഷൻ‍ എടുക്കാനായി ഗോകുൽ കടയിൽ നൽകിയത് പൊലീസിന്റെ ഔദ്യോഗിക നന്പർ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. 

കോൺസ്റ്റബിൾ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണിൽ രണ്ട് മണി മുതൽ മൂന്നേകാൽ മണി വരെ സന്ദേശങ്ങളെത്തിയെന്നാണ് പി.എസ്.‍സി വിജിലൻസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പല ഫോൺ നന്പറുകളിൽ നിന്നാണ് രണ്ട് പ്രതികൾക്കും സന്ദേശങ്ങൾ ലഭിച്ചത്. ശിവരഞ്ജിത്തിന്റെ നന്പറിലേക്ക് 7907508587, 9809269076 എന്നീ നന്പരുകളിൽ നിന്നും എസ്.എം.എസ് വന്നെന്നും പ്രണവിന്റെ 9809555095 എന്ന നന്പരിലേക്ക് 7907936722, 8589964981, 9809269076 എന്നീ നന്പരുകളിൽ നിന്നും എസ്.എം.എസ് വന്നെന്നും പി.എസ്‍.സി ചെയർമാൻ എം.കെ സക്കീർ പറഞ്ഞിരുന്നു. എസ്.എം.എസ് വന്ന ഒരു നന്പരിലേക്ക് പരീക്ഷക്ക് ശേഷം പ്രണവ് തിരിച്ചു വിളിച്ചിരുന്നെന്നും സക്കീർ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed