ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി, എതിർത്ത് പ്രതിപക്ഷം


ന്യൂഡൽഹി: കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചു. കശ്മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളാകും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കനത്ത പ്രതിഷേധത്തോടെയാണ്  പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിർണായ നീക്കം. ഭരണഘടനയുടെ 370ാം വകുപ്പാണ് റദ്ദാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്നതാണ് 370ാം വകുപ്പ്. 

article-image

1950ൽ ഭരണഘടന നിലവിൽ വന്നതു മുതൽ, അതിർത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിനെ എതിർത്തുപോന്ന നയമാണു ബി.ജെ.പിക്കുള്ളത്. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370–ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹം ശക്തമായി എതിർത്തു.

സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവർഷമാണ്. നിയമനിർമാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകൾക്കും പ്രത്യേക അവകാശപദവി നൽകിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed