വ്യോമസേനാ വിമാനാപകടം: മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു


ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ തകർന്നുവീണ വ്യോമസേനാ ചരക്കു എ എൻ 32 വിമാനത്തിൽ ഉണ്ടായിരുന്ന മൂന്നു മലയാളികൾ ഉൾപ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു.  കോക്പിറ്റിൽ നടന്ന സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായും ഇന്ത്യൻ വ്യോമസേന അറിയിച്ചു.   

വിമാനം തകർന്നുവീണ സ്ഥലത്ത് പലയിടത്തായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. ദുർഘടമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയുമാണ് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തടസ്സമാകുന്നതെന്ന് വ്യോമസേന വ്യക്തമാക്കി. വ്യോമ, കരസേനകളുടെ സംയുക്ത സംഘമാണ് മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

article-image
വിമാനപകടത്തില്‍ മരിച്ച എം കെ ഗാര്‍ഗ്, എസ് മൊഹന്തി, എച്ച് വിനോദ്, ജി എം ചാള്‍സ്, എ തന്‍വര്‍, ആര്‍ ഥാപ്പ, കെ കെ മിശ്ര, അനൂപ് കുമാര്‍, ഷെറിന്‍ എന്‍ കെ, എസ് കെ സിങ്. 

ചൊവ്വാഴ്ചയാണ് തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും വിമാനത്തിലുണ്ടായിരുന്ന 13 പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. 

article-image
വിമാനപകടത്തില്‍ മരിച്ച പങ്കജ്, പുതാലി, രാജേഷ് കുമാര്‍.

വ്യോമസേനാ വിങ് കമാൻഡർ ജി എം ചാൾസ്, സ്ക്വാഡ്രൻ ലീഡർ എച്ച് വിനോദ്, ഫ്ലൈറ്റ് ലെഫ്റ്റനന്റുമാരായ ആർ ഥാപ്പ, എ തൻവർ, എസ് മൊഹന്തി, എം കെ ഗാർഗ്, വാറന്റ് ഓഫീസർ കെ കെ മിശ്ര, സർജെന്റ് അനൂപ് കുമാർ, കോർപറൽ ഷെറിൻ, എൽ എ സിമാരായ എസ് കെ സിങ്, പങ്കജ്, എൻ സി(ഇ)മാരായ പുതാലി, രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് വിനോദ്. അനൂപ് കുമാർ കൊല്ലം അഞ്ചൽ സ്വദേശിയും ഷെറിൻ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയുമാണ്. ജൂൺ മൂന്നിന് അസമിലെ ജോർഹട്ടിൽനിന്ന് അരുണാചൽ പ്രദേശിലെ മേചുക വ്യോമതാവളത്തിലേക്ക് പുറപ്പെട്ട വിമാനം കാണാതാവുകയായിരുന്നു. പറന്നുയർന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed