മേലുദ്യോഗസ്ഥർ കള്ളക്കേസെടുക്കാൻ നിർബന്ധിച്ചു, മാനസികമായി പീഡിപ്പിച്ചു: സി.ഐയുടെ ഭാര്യ
കൊച്ചി: മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാണാതായ സെൻട്രൽ സി.ഐ വി.എസ് നവാസിന്‍റെ ഭാര്യ. തന്‍റെ ഭർത്താവിനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയും സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്തെന്ന് അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാണാതാവുന്നതിന് തലേന്ന് രാത്രിയിൽ കടുത്ത സമ്മർദ്ദത്തിലാണ് നവാസ് വീട്ടിലെത്തിയത്.
വയർലെസിലൂടെ മേലുദ്യോഗസ്ഥനായ കൊച്ചി അസി.കമ്മീഷണർ പരസ്യമായി തെറി പറഞ്ഞതിൽ പുള്ളി കടുത്ത ദുഖത്തിലും സമ്മർദ്ദത്തിലുമായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കൂടുതൽ ഒന്നും ഇപ്പോൾ ചോദിക്കരുത് എന്നാണ് എന്നോട് പറഞ്ഞത്. പുലർച്ചയോടെ എണീച്ച് ഹാളിൽ പോയി ടിവി വച്ചു. അതിന് ശേഷമാണ് ആളെ കാണാതായതെന്നും നവാസിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഭർത്താവിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ നവാസിനെ വയർലെസിലൂടെ ശാസിച്ച കൊച്ചി സിറ്റി അസി.കമ്മീഷണർക്കെതിരെയും പരാമർശമുണ്ട്. നവാസിനെ കാണാതായതിന് തലേദിവസം അസി.കമ്മീഷണറുമായി നടത്തിയ വയർലസ് സംഭാഷണത്തിന്‍റെ രേഖകൾ പരിശോധിക്കണമെന്നും കുറ്റക്കാരനായ അസി. കമ്മീഷണർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അസി.കമ്മീഷണറുടെ നിരന്തരപീഡനം മൂലമാണ് ഭർത്താവ് വീട് വിട്ട് പോയതെന്നും നവാസിന്‍റെ ഭാര്യ പറഞ്ഞു.

